എടപ്പാൾ: ജലജീവൻ പദ്ധതിയുടെ ജോലികൾ നിശ്ചിത സമയത്തിനകം തീരില്ല. ഈ വർഷം ഏപ്രിലിലോ മേയിലോ ജോലികൾ പൂർത്തീകരിക്കാനാണു നേരത്തേ നിർദേശം നൽകിയതെങ്കിലും പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകാത്തതിനാൽ സമയം നീട്ടിനൽകണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ് ജലഅതോറിറ്റി. ഈ വർഷം അവസാനത്തോടെ ജോലികൾ പൂർത്തീകരിച്ച് അടുത്ത വർഷം മാർച്ച് മാസത്തോടെ കമ്മിഷൻ ചെയ്യാനാണു നിലവിലെ നീക്കം. പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ഏതാനും സ്ഥലങ്ങളിൽകൂടി പൂർത്തീകരിക്കേണ്ടതുണ്ട്. കണ്ടനകം ഐഡിടിആറിനോടു ചേർന്ന സ്ഥലത്തു നിർമിക്കുന്ന രണ്ടു കൂറ്റൻ ടാങ്കുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. ചങ്ങരംകുളത്തെ നിലവിലെ ടാങ്ക് പൊളിച്ചു പുതുക്കിപ്പണിയേണ്ടതുണ്ട്. ഇതിന്റെ ജോലികൾ ഉടൻ ആരംഭിക്കും.

പദ്ധതി ഇങ്ങനെ
ജോലികൾ പൂർത്തീകരിച്ചാൽ നരിപ്പറമ്പിൽ ഭാരതപ്പുഴയിൽ സജ്ജീകരിച്ച പമ്പിങ് സ്റ്റേഷനിൽനിന്നു ശുദ്ധജലം വിതരണം ചെയ്യും. നിലവിൽ ഭാരതപ്പുഴയിലെ തൃക്കണാപുരത്തുനിന്നാണ് ഈ മേഖലകളിലേക്കു വെള്ളം എത്തിക്കുന്നത്. നരിപ്പറമ്പിലെ പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ തൃക്കണാപുരത്തെ പമ്പിങ് സ്റ്റേഷൻ തവനൂർ പഞ്ചായത്തിലെ ജലവിതരണത്തിനു മാത്രമായി പരിമിതപ്പെടുത്തും. എടപ്പാൾ, വട്ടംകുളം, കാലടി, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലേക്കു നരിപ്പറമ്പിലെ പദ്ധതി വഴിയാകും വെള്ളം എത്തിക്കുക. പുഴയിൽനിന്നു പ്രധാന ടാങ്കുകളിൽ ശേഖരിക്കുന്ന ശുദ്ധജലം അതതു മേഖലകളിലെ മിനി പമ്പിങ് സ്റ്റേഷനുകളിലേക്ക് എത്തിച്ച് അവിടെനിന്ന് ഓരോ മേഖലകളിലേക്ക് എത്തിക്കുകയാണു ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാനാകുമെന്നാണു പ്രതീക്ഷ.

Related Post

Leave a Reply

Your email address will not be published. Required fields are marked *