താനൂർ : അയൽവാസിയുടെ വീട്ടിലേക്കു വഴിയൊരുക്കാൻ കുടുംബക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി വിട്ടുനൽകി ലക്ഷ്മി സുമയും പാർവതിയും. താനൂരിലെ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളും ക്ഷേത്ര ഉടമകളുമാണ് ലക്ഷ്മിയും പാർവതിയും.താനൂരിലെ പ്രിയം റെസിെഡൻസ് അസോസിയേഷൻ അംഗമായ മൊയ്തീങ്കാനകത്ത് സലീമിന് വീട്ടിലേക്കുള്ള വഴിയൊരുക്കാനാണ് ഭൂമി സൗജന്യമായി നൽകിയത്.താനൂർ വിളക്കീരി വെള്ളരിപ്പറമ്പ് റോഡിനോട് ചേർന്ന് താമസിച്ചുവരുന്ന സലീമിന്റെ വീട്ടിലേക്ക് വഴിക്കായി സ്ഥലം വിട്ടുനൽകാൻ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളോട് വർഷങ്ങളായി അഭ്യർഥിച്ചിട്ടും ഫലമുണ്ടായിട്ടില്ല.സലീമിന്റെ വഴിയുടെ എതിർവശത്തുള്ള സ്വകാര്യക്ഷേത്രത്തിന്റെ ഭൂമിയിൽനിന്ന് വഴിക്ക് സൗകര്യം ലഭിക്കാൻ ഇടപെടാൻ താനൂർ പ്രിയം റെസിെഡൻസ് അസോസിയേഷൻ പ്രസിഡൻറ് വി.പി.
ബാബുവും സെക്രട്ടറി കുഞ്ഞാവുട്ടി ഖാദറും സലീമിനോടൊപ്പം കുടുംബക്ഷേത്രത്തിന്റെ ഉടമകളായ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളെ വീട്ടിൽ ചെന്ന് കണ്ട് അഭ്യർത്ഥിച്ചു. അസുഖബാധിതയായ ഉമ്മയുടെ ചികിത്സാസമയത്ത് സലീമും കുടുംബവും അനുഭവിച്ച പ്രയാസങ്ങളടക്കം മനസ്സിലാക്കിയ ലക്ഷ്മി സുമയും പാർവതിയും റോഡിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകാൻ സന്തോഷത്തോടെ സമ്മതിച്ചു. കുടുംബക്ഷേത്രത്തിന്റെ ചുറ്റുമതിൽ പൊളിച്ച് ഒന്നര അടി വീതിയിൽ, 40 മീറ്റർ നീളത്തിൽ ഭൂമി വിട്ടുകൊടുത്തു.സലീമിന്റെ വീട്ടിലേക്ക് റോഡ് സൗകര്യം ഒരുക്കാൻ അസോസിയേഷനെ ചുമതലപ്പെടുത്തി.വഴിസൗകര്യം ഒരുക്കിയശേഷം സലിം ക്ഷേത്രമതിൽ പുനർനിർമിച്ച് നൽകുകയും ചെയ്തു.