തവനൂർ : പുതിയ ആറുവരിപ്പാതയുടെ ഓടയിലൂടെ മലിനജലം ഒഴുകിയെത്തുന്നത് കടകശ്ശേരി, വെള്ളാഞ്ചേരി പാടശേഖരങ്ങളിലെ നെൽക്കൃഷിക്ക് ഭീഷണിയാകുന്നതായി ചൂണ്ടിക്കാട്ടി കർഷകർ രംഗത്ത്. ഇത്തരത്തിൽ മാലിന്യവും മലിനജലവും ഒഴുകിയെത്തുന്നതിനെ തുടർന്ന് പ്രദേശത്തെ 60 ഏക്കറോളം വരുന്ന പുഞ്ചക്കൃഷി നാശത്തിന്റെ വക്കിലാണെന്ന് കർഷകർ പറയുന്നു.മദിരശ്ശേരി റോഡ് മുതൽ അയങ്കലം വരെ വരുന്ന ഭാഗത്തെ വെള്ളമാണ് പാടത്തേക്ക് ഒഴുകിയെത്തുന്നത്. മഴ പെയ്താൽ പുതിയ ഓടയിലൂടെ വെള്ളം ഇരച്ചെത്തുകയാണ്. ഇതിൽ പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം ഉണ്ട്. ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി പുതുതായി നിർമിച്ച ഓടകൾ തുറന്നു വിട്ടിരിക്കുന്നത് കൃഷിസ്ഥലത്തേക്കാണ്. വേനൽ മഴയിൽപോലും വെള്ളം ഒഴുകിയെത്തുന്നതിനാൽ നെൽക്കതിരുകൾ വെള്ളത്തിലാകുകയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് പ്രദേശത്തെ നെൽക്കർഷകർ ആവശ്യപ്പെട്ടു.