താനൂർ : ഒട്ടുംപുറം തൂവൽത്തീരത്ത് കുട്ടികളും സ്ത്രീകളും അടക്കം 22 പേരുടെ ജീവൻ പൊലിഞ്ഞിട്ട് മേയ് ഏഴിന് രണ്ടുവർഷം തികയുന്നു. കാതോർത്താൽ ഇന്നും കേൾക്കാം ജീവനുവേണ്ടിയുള്ള നിലവിളി ആ തീരത്ത്.വർഷം രണ്ടു തികയുമ്പോഴും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ദുരന്തത്തെത്തുടർന്ന് കർശനമാക്കിയിരുന്ന സുരക്ഷാനടപടികൾ മിക്കതും ക്രമേണ അയഞ്ഞു.മരണക്കയത്തിൽ ആഴ്‌ന്നുപോയ 22 പേരിൽ 15 പേരും കുട്ടികളായിരുന്നു. മൺമറഞ്ഞുപോയവരുടെ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും ഉറ്റവരുടെ ഓർമ്മകൾ പേറി നീറിക്കഴിയുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തുപേരും രക്ഷാപ്രവർത്തനങ്ങളിൽ ഗുരുതരമായി പരിക്കേറ്റ ഏറെപ്പേരും ഇന്നും ജോലിക്കുപോലും പോകാനാകാത്ത ദുരവസ്ഥയിലാണ്.കണ്ണീർത്തീരമായി മാറിയ തൂവൽത്തീരത്ത് ഇപ്പോഴും മതിയായ സുരക്ഷാസംവിധാനങ്ങളില്ല. മനോഹരമായ ഈ തീരത്ത് എത്തുന്നവർക്ക് സുരക്ഷയ്ക്കായി ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പുവരുത്താൻപോലും അധികാരികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സന്ദർശകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തീരത്ത് ഇല്ല.
പഴകി ദ്രവിച്ച മത്സ്യബന്ധന ബോട്ട് യാത്രാബോട്ടാക്കി മാറ്റി യാത്രക്കാരെ കുത്തിനിറച്ച് സൂര്യാസ്തമയത്തിനു ശേഷവും ഇരുട്ടിലൂടെ നടത്തിയ ജലയാത്ര മലയാളിയെ നടുക്കിയ ദുരന്തമായി മാറുകയായിരുന്നു.പെരുന്നാളിന് തീരത്ത് ആരംഭിച്ച ബോട്ടുസവാരിയെ സംബന്ധിച്ച് പ്രദേശവാസികൾ അധികാരികൾക്ക് നൽകിയ പരാതികളും മുന്നറിയിപ്പുകളും അവഗണിച്ചാണ് ബോട്ടുമുതലാളിയും സംഘവും യാത്രയ്ക്ക് നേതൃത്വംനൽകിയത്. ബോട്ട് ഓടിച്ചിരുന്ന സ്രാങ്കിന് ലൈസൻസ് ഉണ്ടായിരുന്നില്ല. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നുമില്ല. രക്ഷാപ്രവർത്തനം എളുപ്പം കഴിയാത്ത മേഖലയിലൂടെ ഇരുട്ടിലൂടെയായിരുന്നു യാത്ര.