എടപ്പാൾ : എടപ്പാൾ ടൗണിൽനിന്ന് സംസ്ഥാന പാതയിലേക്ക് കയറാനുള്ള മേൽപ്പാലത്തിന് ഇടതുവശത്തുള്ള ചെറിയ റോഡ് മാസങ്ങളായി തകർന്നുകിടക്കുകയാണ്. ഒരു വാഹനത്തിന് മാത്രം പോകാൻ വീതിയുള്ള റോഡിന്റെ തകർച്ച ജനങ്ങളെയും വാഹനമുടമകളെയും ദുരിതത്തിലാക്കുന്നു. മേൽപ്പാലം പണിതതോടെ ടൗണിലൂടെ വരേണ്ട വാഹനങ്ങൾക്കാണ് വീതികുറഞ്ഞ ഈ ബൈപാസ് റോഡ് നിർമിച്ചത്. മാസങ്ങൾക്ക് മുൻപാണ് ഇവിടെ റോഡിൽ ചാല് കീറിയത്. പാലം പണിത സമയത്ത് മനോഹരമായി ടാറിട്ട റോഡ് ഇതോടെ ചാലായി.
മെറ്റലും മണ്ണുമിട്ട് ചാല് മൂടിയെങ്കിലും ടാറിങ് നടത്തിയില്ല. മെറ്റൽ റോഡിലാകെ പരന്നതോടെ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതും പതിവായി. ജൽജീവൻ മിഷൻ പദ്ധതിക്കായി ടൗണിലെ മറ്റു ഭാഗങ്ങളിലെല്ലാം ചാലുകീറിയത് മൂടി ടാറിട്ടിരുന്നു. ഈ ഭാഗവും പൊന്നാനി-കുറ്റിപ്പുറം റോഡിന്റെ മൂലയിലൊരുഭാഗവും ടാറിടാതെ തകർന്നുകിടക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ സദാസമയവും പോകുന്ന റോഡിൽനിന്ന് മെറ്റൽ കടകളിലേക്ക് തെറിച്ച സംഭവവുമുണ്ടായിട്ടുണ്ട്. എത്രയുംപെട്ടെന്ന് ഈ ഭാഗം ടാറിടണമെന്ന് വ്യാപാരികളും വാഹനമുടമകളും ആവശ്യപ്പെട്ടു.