തവനൂർ : വിട്ടൊഴിയാത്ത വിവാദങ്ങൾ തവനൂർ-തിരുനാവായ പാലം നിർമാണത്തെ ആശങ്കയിലാഴ്‌ത്തുകയാണ്. ഒടുവിൽ പ്രതീക്ഷകൾക്കു വകനൽകി നിർമാണം ആരംഭിച്ചെങ്കിലും അതും നിർത്തിവെക്കേണ്ടിവന്നു. പാലം നിർമാണത്തിന്റെ ഭാവി എന്താകുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇരുകരക്കാരും.കെ. കേളപ്പന്റെ ശേഷിപ്പുകൾ ഉൾപ്പെടെയുള്ള ചരിത്രസ്‌മാരകങ്ങൾ പൊളിച്ചുമാറ്റിയാണ് പാലം നിർമിക്കുന്നതെന്നും അലൈൻമെന്റിൽ മാറ്റം വരുത്തി ചെലവുകുറഞ്ഞ രീതിയിൽ പാലം നിർമിക്കണമെന്നുമാവശ്യപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരനാണ് ഹൈക്കോടതിയെ സമീപിച്ചത്. നിർമാണോദ്ഘാടനത്തിനു പിന്നാലെയായിരുന്നു ഇത്. ഇതോടെ നിർമാണോദ്ഘാടനം കഴിഞ്ഞിട്ടും പാലത്തിന്റെ പണികൾ തുടങ്ങാനായില്ല.
ഇ. ശ്രീധരന്റെ അഭിപ്രായംകൂടി ആരായണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ നിർമാണം നീണ്ടുപോയി.കോടതിവിധിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്തുവകുപ്പ് സെക്രട്ടറിയും ആർബിഡിസികെ മാനേജിങ് ഡയറക്ടറും ജനറൽ മാനേജരും മെട്രോമാൻ ഇ. ശ്രീധരനുമായി ചർച്ചനടത്തുകയും ഹൈക്കോടതി വിധി നടപ്പാക്കിയതായിക്കാണിച്ച് സർക്കാർ പ്രത്യേക ഉത്തരവിറക്കുകയുംചെയ്തു.ഇ. ശ്രീധരൻ മുന്നോട്ടുവെച്ച നിർദേശങ്ങളെ പാടെ തള്ളിക്കളഞ്ഞാണ് നിലവിൽ നിശ്ചയിച്ച അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. നിലവിലെ അലൈൻമെന്റ് പ്രകാരം 806 മീറ്ററാണ് പാലത്തിന്റെ നീളം ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അലൈൻമെന്റ് പ്രകാരം 810 മീറ്ററാണ് പാലത്തിന്റെ നീളം.
തവനൂർ ഭാഗത്തെ സമീപനറോഡിന് നിലവിൽ 258 മീറ്ററാണ് നീളം. ഇ. ശ്രീധരന്റെ അലൈൻമെന്റ് പ്രകാരമാണെങ്കിൽ 180 മീറ്റർ മാത്രമേ നീളമുണ്ടാകൂ. അതേസമയം, 32.1 സെന്റ് ഭൂമി അധികമായി ഏറ്റെടുക്കുകയുംവേണം. എല്ലാ ചെലവുകളും കണക്കാക്കിയാൽ അദ്ദേഹം നിർദേശിച്ച അലൈൻമെന്റ് പ്രകാരം പാലം നിർമിക്കുമ്പോൾ 2.40 കോടി രൂപയുടെ അധികബാധ്യത സർക്കാരിനുണ്ടാകുമെന്നു കാണിച്ച് ആർബിഡിസികെ എംഡി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ അലൈൻമെന്റിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. സർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെ നിർമാണച്ചുമതല ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പണികൾ ആരംഭിക്കുകയുംചെയ്തു. തവനൂർ ഭാഗത്തെ അനുബന്ധറോഡിന്റെ നിലമൊരുക്കൽ ജോലികളാണ് ആംരംഭിച്ചത്.
എന്നാൽ, താൻ നിർദേശിച്ച അലൈൻമെന്റിൽ പാലം നിർമിക്കുകയാണെങ്കിൽ അധിക ബാധ്യതയുണ്ടാകുമെന്ന ആർബിഡിസികെ എംഡിയുടെ കണ്ടെത്തലിനെതിരേ ഇ. ശ്രീധരൻ സർക്കാരിന് നിവേദനം നൽകി. സർക്കാർ മൗനംപാലിച്ചതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ രൂപരേഖപ്രകാരം പാലം നിർമിക്കുന്നത് ചെരിഞ്ഞാണെന്നും ഇത് ബലക്ഷയത്തിനു കാരണമാകുമെന്നും പാലം നിർമാണത്തിനാവശ്യമായ ഭൂമി സ്വയം വിട്ടുനൽകാൻ ഉടമകൾ തയ്യാറാണെന്നും അതിനാൽ അധികബാധ്യതയുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന് നിവേദനം നൽകിയത്. ഈ നിവേദനത്തിൽ 14 ദിവസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശംനൽകി. ഇതോടെ പാലം നിർമാണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതോടെ അലൈൻമെന്റ് കാര്യത്തിൽ സർക്കാരെടുക്കുന്ന നിലപാട് പാലം നിർമാണത്തിൽ നിർണായകമായിരിക്കുകയാണ്.
പൈതൃക ശേഷിപ്പുകൾ സംരക്ഷിക്കണം:നിലവിലെ അലൈൻമെന്റ് പ്രകാരം പാലം നിർമിക്കുമ്പോൾ പൈതൃക ശേഷിപ്പുകൾ ഇല്ലാതാകും. ത്രിമൂർത്തി സംഗമസ്ഥാനത്തെയും ബാധിക്കും. ഇവയ്ക്കൊന്നും കോട്ടംതട്ടാതെ വിവാദങ്ങൾ അവസാനിപ്പിച്ച് എത്രയുംവേഗം നിർമാണം പൂർത്തിയാക്കാനാണ് നടപടിയുണ്ടാകേണ്ടത്.പ്രദീപ് തവനൂർ (നാട്ടുകാരൻ)
ഇനിയും വൈകരുത്:തെറ്റായ പ്രചാരണം അഴിച്ചുവിട്ട് പാലം നിർമാണം മുടക്കാനാണ് ചിലർ ശ്രമിക്കുന്നത്. പിടിവാശി ഉപേക്ഷിച്ച് പാലം നിർമാണവുമായി എല്ലാവരും സഹകരിച്ചാൽ വർഷങ്ങളായുള്ള സ്വപ്‌നം സഫലമാകും. അനാവശ്യ വിവാദങ്ങൾ അവസാനിപ്പിച്ച് പാലം യാഥാർഥ്യമാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം.മുരളി (നാട്ടുകാരൻ)
അലൈൻമെന്റ് മാറ്റരുത്:നിലവിലെ അലൈൻമെന്റ് പ്രകാരംതന്നെ പാലം നിർമിക്കണം. വിവാദങ്ങൾ പാലം നിർമാണം നീണ്ടുപോകുന്നതിനേ ഉപകരിക്കൂ. എത്രയുംവേഗം പാലം പണി പൂർത്തീകരിക്കുന്നതിനുള്ള നടപടിയാണുണ്ടാകേണ്ടത്.ഗോപാലൻ ചക്കത്ത്(നാട്ടുകാരൻ)
ഭൂവുടമയെ തെറ്റിദ്ധരിപ്പിച്ചു:പാലം നിർമാണം സർക്കാർ നിർത്തിവെച്ചെന്നു പറഞ്ഞ് ചിലർ തെറ്റിദ്ധരിപ്പിച്ചതിനെത്തുടർന്നാണ് പാലം യാഥാർഥ്യമാകാൻ സൗജന്യമായി ഭൂമി വിട്ടുനൽകാമെന്ന് അറിയിച്ചതെന്ന് പ്രദേശത്തെ ഭൂവുടമ വെളിപ്പെടുത്തിയിട്ടുണ്ട്.ഭൂവുടമ ആർബിഡിസികെ അധികൃതരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ആദ്യം തീരുമാനിച്ചപോലെ പാലം നിർമാണവുമായി സർക്കാർ മുന്നോട്ടുപോകുന്നില്ലെങ്കിൽ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.ടി.വി. ശിവദാസ്(വൈസ് പ്രസിഡന്റ്, തവനൂർ ഗ്രാമപ്പഞ്ചായത്ത്)