എടപ്പാൾ : കോൾമേഖലയിലെ കൊയ്ത്തുകഴിഞ്ഞ് ഒരു മാസത്തോളമായിട്ടും സംഭരണം കരാറെടുത്ത മില്ലുകാരെത്തി നെല്ല്‌ കൊണ്ടുപോയില്ല. പതിനായിരങ്ങൾ ചെലവഴിച്ച് കൃഷിചെയ്ത് കൊയ്ത്തുയന്ത്രമെത്തിച്ച് കൊയ്ത നെല്ലത്രയും ചാക്കിലാക്കി വയലോരത്തും മറ്റിടങ്ങളിലുമായി ശേഖരിച്ചുവെച്ചിരിക്കുകയാണ് കർഷകർ. പൊന്നാനിമുതൽ തൃശ്ശൂർവരെ നീളുന്ന അയ്യായിരത്തോളം ഹെക്ടർ പുഞ്ചപ്പാടമുള്ള പൊന്നാനി കോളിൽ മാത്രം ക്വിന്റൽകണക്കിനു നെല്ലാണ് കെട്ടിക്കിടക്കുന്നത്.

സംസ്ഥാന സർക്കാർ സപ്ലൈകോ മുഖേന നടത്തുന്ന സംഭരണമാണ് സ്തംഭനാവസ്ഥയിൽ തുടരുന്നത്. സംഭരണത്തിനുള്ള നെല്ലിൽ ജലാംശം 17 ശതമാനമെന്നനിലയിൽ 100 കിലോയ്ക്ക് ഒരു കിലോയായിരുന്നു കിഴിവ്. 17 മുതൽ 20 വരെയാണ് ജലാംശമെങ്കിൽ ആറുകിലോവരെ തൂക്കക്കുറവ് വേണമെന്നാണ് കരാറുകാർ ആവശ്യപ്പെടുന്നത്. ഇതാണ് ഇത്തവണത്തെ പ്രതിസന്ധിക്കു കാരണം.

അതിൽക്കൂടുതൽ ജലാംശമുള്ള നെല്ല് ഉണക്കിനൽകണമെന്നും ഇവർ ഉപാധിവെക്കുന്നു. അടിക്കടി പെയ്യുന്ന മഴയിൽ നെല്ല്‌ നനഞ്ഞാൽ അതു മുളച്ച് കർഷകരുടെ അധ്വാനം മുഴുവൻ വൃഥാവിലാകും. കർഷകർ കടക്കെണിയിലുമാകും. ഇതൊഴിവാക്കാൻ സ്വകാര്യ മില്ലുകാർക്ക് നെല്ല് നൽകിക്കൊണ്ടിരിക്കുകയാണ് പലരും. കേന്ദ്രസർക്കാരിന്റെ 21.83 രൂപയും സംസ്ഥാന സർക്കാരിന്റെ 6.37 രൂപയുമടക്കം 28.20 രൂപയ്ക്കാണ് ഇപ്പോൾ നെല്ല്‌ സംഭരിക്കുന്നത്. സംഭരണം ഉടൻ ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണിപ്പോൾ കർഷകരെല്ലാം.

മുണ്ടകൻ കൃഷിക്കാരും കാത്തിരിപ്പിൽ: കഴിഞ്ഞ സീസണിൽ സംഭരിച്ച മുണ്ടകൻ കൃഷിയുടെ പണം ഇനിയും കർഷകർക്ക് കൊടുത്തുതീർന്നിട്ടില്ല. ആദ്യം നൽകിയ നെല്ലിന്റെ തുക കനറാബാങ്കിൽനിന്നും എസ്ബിഐയിൽനിന്നും ലഭിച്ചു. പിന്നീട് കനറാബാങ്കിന്റെ കരാർ കാലാവധി അവസാനിച്ചതിനാൽ അവിടെ പിആർഎസ് നൽകിയവർക്കൊന്നും പണം ഇനിയും ലഭിച്ചിട്ടില്ല.

സംഭരണത്തിലെ പാളിച്ച പരിഹരിക്കണം: കോൾ കർഷകരുടെ നെല്ലുസംഭരണത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം ഉടൻ പരിഹരിക്കണം. മില്ലുകാരും സർക്കാരും തമ്മിലുള്ള വടംവലിയുടെ പേരിൽ കർഷകരെ ബലിയാടാക്കരുതെന്ന് കർഷക കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ശ്രീകുമാർ പെരുമുക്ക് അധ്യക്ഷനായി. പി.കെ. അബ്ദുള്ളക്കുട്ടി, ടി. കൃഷ്ണൻ നായർ, സി.വി. ഗഫൂർ, എൻ.വി. സുബൈർ, അബ്ദുറഹ്‌മാൻ മാറഞ്ചേരി, എ.പി. അബ്ദുള്ളക്കുട്ടി, സി.വി. യൂസഫ്, സുഹൈർ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *