പൊന്നാനി : കുണ്ടുകടവ് ജങ്ഷൻ-ഗുരുവായൂർ റോഡിൽ ജല അതോറിറ്റി ജൽജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുണ്ടുകടവ് ജങ്ഷൻ-ഗുരുവായൂർ റോഡിന് ഇരുവശങ്ങളിൽ താമസിക്കുന്നവർ ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു.വെള്ളിയാഴ്ച റോഡുപണി തുടങ്ങാമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ സൂരജ് രേഖാമൂലം ഉറപ്പുനൽകിയതായി പ്രതിഷേധക്കാർ പറഞ്ഞു. പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജി സമരക്കാർ കൈമാറി.പൈപ്പിടാനായി എടുത്ത കുഴിയിൽവീണ് ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു.
ഈഴുവത്തിരുത്തി പുളിക്കക്കടവ് സ്വദേശി വടക്കേതലക്കൽ ഗംഗാധരൻ, കുണ്ടുകടവ് ജങ്ഷൻ സ്വദേശി തട്ടപ്പറമ്പിൽ ഹരിദാസൻ എന്നിവർ എല്ലുപൊട്ടി ചികിത്സയിലാണ്. അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചത്.കെപിസിസി അംഗം അഡ്വ. കെ. ശിവരാമൻ ഉപരോധം ഉദ്ഘാടനംചെയ്തു. കെ.പി. സോമൻ, സി. ജാഫർ, എം.ആർ. ശിവദാസൻ, ചന്ദനപ്പറമ്പിൽ ഐശീവി, മിനീഷ് ആളത്ത്, പി.സി. റഫീഖ്, ഹമീദ് കൊടക പീടിയേക്കൽ, വി.എൻ. ഷണ്മുഖൻ, കെ. അഭിജിത്ത്, ചുക്കശ്ശേരി മണി എന്നിവർ നേതൃത്വംനൽകി.