തിരൂർ : സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ മലപ്പുറം ജില്ലാ സിറ്റിങ് തിരൂർ സർക്കാർ വിശ്രമമന്ദിരം ഹാളിൽ നടത്തി. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹരജികൾ പരിഗണിച്ചു. മൊറയൂർ ഗ്രാമപ്പഞ്ചായത്തിലെ പീടിയേക്കൽ-എഎംഎൽപി സ്കൂൾ- കുഴിക്കാട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ഹിക്മത്ത് ഇസ്‌ലാം സുന്നി മദ്രസ സെക്രട്ടറി നൽകിയ ഹരജിയിന്മേൽ നടപടി അവസാനിപ്പിച്ചു.റോഡിന്റെ പുനർനിർമ്മാണം നടന്നുവരികയാണെന്നും രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നുമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് തുടർനടപടികൾ അവസാനിപ്പിച്ചത്. കീഴുപറമ്പ് പ്രാഥമിക ആരോഗ്യകേന്ദ്രം മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റണമെന്ന ഹരജിയും കമ്മിഷൻ പരിഗണിച്ചു.
പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കുമെന്നുമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ അവസാനിപ്പിച്ചു. ആരാധനാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കെതിരേ തിരൂരങ്ങാടി സ്വദേശി നൽകിയ ഹരജിയിലും കമ്മിഷൻ തുടർ നടപടികൾ അവസാനിപ്പിച്ചു.പ്രശ്നപരിഹാരത്തിനായി ഇരു കക്ഷികളും തമ്മിൽ ചർച്ചനടത്താൻ നിർദ്ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിനാലാണ് തുടർനടപടികൾ അവസാനിപ്പിച്ചത്. ന്യൂനപക്ഷ കമ്മിഷന് 9746515133 എന്ന നമ്പരിൽ വാട്‌സ് ആപ്പിലൂടെയും പരാതി നൽകാം.