ponnani

എടപ്പാൾ : ഒളമ്പക്കടവ് പാലം നിർമാണം അനന്തമായി നീളുന്നതിനിടയിൽ അഴിമതി ആരോപണങ്ങളും ചർച്ചയാകുന്നു. പാലം നിർമാണത്തിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. 2020-ൽ 26.84 കോടി രൂപയ്ക്ക് ടെൻഡർ നൽകി 12 കോടി രൂപ കരാറുകാരന് നൽകി പില്ലറുകൾ വാർത്ത് പണി നിർത്തിവെച്ചശേഷം 2023-ൽ 32 കോടി രൂപയായി വീണ്ടും തുക വർധിപ്പിച്ചിരിക്കുകയാണ്. നിലവിൽ 48 കോടി 84 ലക്ഷം രൂപയാണ് ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയിട്ടുള്ളത്. മൊത്തം 60 കോടിയിൽപ്പരം രൂപയാണ് 1200 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിനുവേണ്ടി ഖജനാവിൽനിന്നു നൽകുന്നത്. ഇതിൽ വൻ അഴിമതിയും തട്ടിപ്പും നടന്നിട്ടുണ്ട്. കെ.ടി. ജലീൽ എംഎൽഎയുടെ നേതൃത്വത്തിലാണ് ഇതു നടന്നിട്ടുള്ളതെന്ന്‌ നിർമാണസ്ഥലം സന്ദർശിച്ചശേഷം ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം കെ.കെ. സുരേന്ദ്രൻ പറഞ്ഞു. സമയബന്ധിതമായി പണി തീർക്കുകയും അഴിമതിയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുകയും വേണം. പഴയ കരാറുകാരിൽനിന്ന് പണം തിരിച്ചുപിടിച്ച് കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും വിവേകാനന്ദൻ കോലത്ത്, എം. നടരാജൻ, ജയൻ കോലൊളമ്പ്, ബാബു കോലൊളമ്പ് എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ച് ആവശ്യപ്പെട്ടു. അതേസമയം വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിയാണ് ഇവിടെ പാലം നിർമിക്കാൻ ശ്രമമാരംഭിച്ചത്. ആദ്യം ചേലക്കടവുമായി ബന്ധിപ്പിക്കാനായിരുന്നു ശ്രമം. പിന്നീടാണ് വടമുക്കിലേക്കു മാറ്റിയത്. ഇപ്പോൾ ഇത് യാഥാർഥ്യമാകുന്ന സമയത്ത് അഴിമതിയാരോപണവുമായി രംഗത്തുവരുന്നത് മറ്റു ലക്ഷ്യത്തിനാണെന്നാണ് മറുഭാഗത്തിന്റെ മറുപടി.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *