എരമംഗലം : മാറഞ്ചേരി മാറാടി പാടശേഖരത്തിലെ നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് മാറഞ്ചേരി കൃഷി ഭവനു മുന്നിൽ ഇന്ന് രാവിലെ 10ന് കർഷകരുടെ സമരം. പൊന്നാനി കോൾ മേഖലയുടെ പരിധിയിൽ വരുന്ന മാറാടി പാടശേഖരത്തെ നെല്ല് സപ്ലൈകോ സംഭരിക്കാതെ വന്നതോടെ പാടശേഖരത്തിനോടു ചേർന്ന് കെട്ടി കിടക്കുകയാണ്. കിലോഗ്രാമിന് 28.32 രൂപ നിരക്കിൽ സപ്ലൈകോ സംഭരിക്കുന്നതിനായി ഉണക്കി സൂക്ഷിച്ച 70 ടൺ നെല്ലാണ് ആഴ്ചകളായി കെട്ടി കിടക്കുന്നത്.
കൃഷി വകുപ്പും സപ്ലൈകോയും കരാർ നൽകിയ മില്ലുടമ 2 ലോഡ് നെല്ല് മാത്രമാണ് പാടശേഖരത്ത് നിന്ന് ഇതുവരെ എടുത്തത്.ബാക്കിയുള്ള 70,000 കിലോഗ്രാം നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന് മില്ല് ഉടമ കൃഷി വകുപ്പിന് രേഖാമൂലം കത്ത് നൽകിയതോടെ നെല്ല് സംഭരണം മുടങ്ങിയെന്നാണ് കർഷകർ പറയുന്നത്. ആഴ്ചകളായി സൂക്ഷിച്ച നെല്ല് സംഭരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകരുടെ ഉപരോധ സമരം.