എടപ്പാൾ : മൂന്നു ജീവൻ പൊലിഞ്ഞുകഴിഞ്ഞു. പരിക്കേറ്റത് നിരവധി പേർക്കും. ഇനിയും എത്ര ജീവൻ പൊലിഞ്ഞാലാവും ഇവിടുത്തെ അപകടാവസ്ഥയ്ക്ക് ശാശ്വതപരിഹാരമുണ്ടാകുക. എടപ്പാളിൽ മേൽപ്പാലം വന്നതോടെ അതിന്റെ രണ്ടറ്റങ്ങളിലുമായി രൂപപ്പെട്ട അപകടത്തുരുത്തുകൾക്ക് ഇനിയും മാറ്റമില്ല. കഴിഞ്ഞ ദിവസം ഗൃഹനാഥൻ ബസിടിച്ച് മരിച്ചതോടെ മൂന്നാമത്തെ ജീവനാണ് ഇവിടെ പൊലിഞ്ഞത്.
തൃശ്ശൂർ റോഡിലെയും കുറ്റിപ്പുറം റോഡിലെയും അറ്റങ്ങളിൽ പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതും ടൗണിലേക്കു പോകുന്നതും ടൗണിൽനിന്ന് ഹൈവേയിലേക്ക് കയറുന്നതുമടക്കം നാലു വാഹനങ്ങളെത്തും. അതിനാൽ ഇവിടെ റോഡ് മുറിച്ചുകടക്കുന്നതും യു ടേൺ എടുക്കുന്നതും അത്യന്തം അപകടകരമാണ്. ഇവിടെ യു ടേൺ പാടില്ലെന്നെഴുതിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല.
കഴിഞ്ഞദിവസം കുറ്റിപ്പുറം റോഡിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് പാലത്തിന്റെ മുന്നിലൂടെ യു ടേൺ ചെയ്ത് കാറിലിടിച്ചതടക്കം നിരവധി അപകടങ്ങൾ ഇവിടെയും നടക്കുന്നു. നേരത്തെ തമിഴ്‌നാട് സ്വദേശിയും പൂക്കരത്തറ സ്വദേശിയും കുറ്റിപ്പുറം റോഡിൽ പാലമിറങ്ങുന്നിടത്താണ് മരിച്ചത്. പാലമിറങ്ങി സാമാന്യം വേഗത്തിൽ വരുന്ന വാഹനങ്ങൾ സംസ്ഥാനപാതയിലേക്കിറങ്ങുമ്പോൾ ടൗണിൽനിന്ന് കയറിവരുന്ന വാഹനമോ കാൽനടയാത്രക്കാരനോ റോഡ് മുറിച്ച് മറുവശത്തേക്ക് കടക്കുന്നത് കാണാനാവില്ല. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
പരിഷ്‌കരണസമിതിയും നോക്കുകുത്തി :ഗതാഗതപരിഷ്‌കരണ സമിതി യോഗംചേർന്ന് തീരുമാനങ്ങളെടുക്കാറുണ്ടെങ്കിലും പലതും നടപ്പാകാറില്ല. പാലത്തിന്റെ രണ്ടറ്റങ്ങളിലും സ്ഥാപിച്ച ബോർഡുകൾ പലപ്പോഴും വാഹനങ്ങളിടിച്ച് തകർന്നിട്ടുണ്ടാകും. ഇവയ്ക്കിടയിലെ ചെറിയ വിടവിലൂടെ ആളുകൾ റോഡ് മുറിച്ചുകടക്കുന്നതാണ് അപകടത്തിനു കാരണം. ഇത് കൃത്യമായി നിരീക്ഷിക്കാനും പരിശോധിച്ചുറപ്പാക്കാനും നടപടിയില്ല. സ്ഥാപിച്ച ബോർഡുകൾ ചെറിയ വാഹനഡ്രൈവർമാർക്ക് കാണാനും പ്രയാസമാണ്. പട്ടാമ്പിറോഡിലെ തിരക്കൊഴിവാക്കാൻ അവിടുത്തെ ബസ് സ്റ്റോപ്പ് മുകളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടിച്ച് ഒരു വർഷമായി. കുറ്റിപ്പുറം റോഡിൽ പാലത്തിനു മുന്നിൽ സീബ്രാലൈൻ വരയ്ക്കാൻ തീരുമാനിച്ചതും നടന്നിട്ടില്ല.
ബസ് നിർത്തുന്നതും പ്രശ്നം
ഹ്രസ്വദൂരബസുകൾ പാലമിറങ്ങുന്നതിനു തൊട്ടുമുൻപിലാണ് നിർത്തിയിടുന്നത്. പലതും അരമണിക്കൂർവരെ ഇവിടെയിടും. പാലമിറങ്ങിവരുന്ന ദീർഘദൂരബസുകൾ മുന്നിലേക്ക് കയറ്റിനിർത്താതെ ഇവയുടെ പിറകിലും നടുറോഡിലുമൊക്കെ നിർത്തും. ഇത് മറ്റു വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ദീർഘദൂരബസുകൾക്കുള്ള സ്റ്റോപ്പ് മുന്നിലാണെങ്കിലും പലരും പാലിക്കാറില്ല.
പരിഹാരം അകലെയല്ല :മേൽപ്പാലമിറങ്ങി സുരക്ഷിതമായ ദൂരംകഴിഞ്ഞ് വാഹനങ്ങൾക്ക് യു ടേൺ ചെയ്യാനും യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും നിയമാനുസൃതം സൗകര്യ മൊരുക്കണം. ദീർഘദൂരപാതകളിലെല്ലാം ഈ സൗകര്യമുണ്ട്.ബോർഡുകളും സിഗ്നലുകളും റോഡിൽ രേഖപ്പെടുത്തലും നടത്തണം. പാലിക്കാനുള്ള പരിശോധനയും വേണം.