പൊന്നാനി : പുതുപൊന്നാനി ഭാഗത്ത് കാഞ്ഞിരമുക്ക് മേഖലയിൽ ആറുവരിപ്പാത നിർമാണത്തിന്റെ മറവിൽ വയലും പുഴയോരവും നികത്തുന്നുവെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്. കരാറുകാരായ കെഎൻആർസിഎല്ലിന്റെ വാഹനങ്ങളിൽ മണ്ണുകൊണ്ടുവന്നിടുന്നതിന്റെ ദൃശ്യങ്ങളും ചിത്രവും സഹിതമാണ് നാട്ടുകാർ പരാതി ഉന്നയിക്കുന്നത്. കണ്ടൽക്കാട് നശിപ്പിക്കുന്ന തരത്തിലുള്ള നികത്തൽ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. വലിയ ലോറിയിൽ മണ്ണ് കൊണ്ടുവന്നിടുകയും മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നികത്തുകയുമാണ്. സംഭവം ഭൂവുടമയുമായുള്ള കരാറുകാരുടെ ഒത്തുകളിയാണെന്നാണ് ആക്ഷേപം. ആറുവരിപ്പാത കടന്നു പോകുന്ന കണ്ണായ വയൽപ്രദേശങ്ങളിൽ വൻ തോതിലുള്ള നികത്തലുകൾ നടക്കുന്നുണ്ട്. കരാറുകാരുടെ ഗോഡൗണിന്റെ പേരിലും വലിയ നികത്തൽ നടന്നുവെന്നാണ് ആരോപണം.
റോഡ് നിർമാണത്തിന് സൗകര്യമെല്ലാം നാട്ടുകാർ ഒരുക്കുന്നുണ്ട്. ഇൗ സാഹചര്യം കരാറുകാർ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ആറുവരിപ്പാതയ്ക്കായി മണ്ണിട്ട് ഉയർത്തേണ്ട സാഹചര്യം നിലനിൽക്കുമ്പോൾ മറ്റൊരു ഭൂമിയിൽ മണ്ണ് കൊണ്ട് വന്ന് നികത്തുന്നത് എന്തിനാണെന്ന ചോദ്യം നിർമാണത്തൊഴിലാളികളോട് ചോദിച്ചിട്ടും വ്യക്തമായ മറുപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, പദ്ധതി പ്രദേശത്തു നിന്ന് നീക്കം ചെയ്യുന്ന ഉപയോഗയോഗ്യമല്ലാത്ത മണ്ണാണ് പുതുപൊന്നാനി ഭാഗത്തേക്ക് നീക്കിയിരിക്കുന്നതെന്നാണ് കരാറുകാരുടെ മറുപടി. നിർമാണത്തിന്റെ ഭാഗമായുള്ള നീക്കലാണെന്നും നികത്തലുമായി ബന്ധമില്ലെന്നും കരാറുകാർ വ്യക്തമാക്കി.
കണ്ടമട്ടില്ലാതെ പഞ്ചായത്തും റവന്യു വകുപ്പും:കണ്ടൽ കാട് നശിപ്പിച്ച് പുഴയോരത്ത് നികത്തൽ നടക്കുന്നത് വെളിയങ്കോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ. പഞ്ചായത്തും റവന്യു അധികൃതരും ഇതുവരെയും മിണ്ടിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.