എടപ്പാൾ : അധ്യാപകരുടെ ഫാഷൻ ഷോയും സൂംബ നൃത്തവുമായി ക്ലസ്റ്റർ പരിശീലനം സമാപിച്ചു. എടപ്പാൾ ബിആർസിയുടെ കീഴിൽ നടന്ന അധ്യാപക സംഗമമാണ് വേറിട്ട അനുഭവമായത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് വിവിധ ബാച്ചുകളിലായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരള നടത്തുന്ന പരിശീലനത്തിലെ യുപി ഇംഗ്ലിഷ് വിഭാഗത്തിലാണ് വ്യത്യസ്തമായ പരിപാടികൾ ഉള്ളത്. ക്രിയേറ്റിവിറ്റി, കൺസ്ട്രക്‌ഷൻ, കൊറിയോഗ്രഫി, പ്രസന്റേഷൻ സ്കിൽ, അഡ്വർടൈസ്മെന്റ് തുടങ്ങിയവ ഇതിലൂടെ കുട്ടികളെ പഠിപ്പിക്കും.ഒപ്പം ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യവും ഉറപ്പാക്കും. സ്കൂളിൽ ഇതുമായി ബന്ധപ്പെട്ടു വരുന്ന പരിപാടികളിൽ, വിദ്യാർഥികൾ ഇവ അവതരിപ്പിക്കാനും നിർദേശമുണ്ട്. എടപ്പാൾ എഇഒ പി.പി.ഹൈദരാലി, ബിപിസി ബിനീഷ്, ഡയറ്റ് ലക്‌ചറർ കെ.വിനോദ്, ഉമാദേവി, എം.നൗഫൽ, കെ.ദേവകി, സി.രാജേഷ് എന്നിവർ നേതൃത്വം നൽകി.