കുറ്റിപ്പുറം : പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബഡ്സ് സ്കൂളിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നരമാസം പിന്നിടുന്നു. പഞ്ചായത്ത് അനുവദിച്ച പ്രവർത്തന ഫണ്ട് കഴിഞ്ഞതോടേയാണ് സ്കൂളിന്റെ പ്രവർത്തനം മാർച്ച് 31 മുതൽ നിലച്ചത്. കുട്ടികളെ കൊണ്ടുവരുന്ന വാഹനത്തിന് വാടക നൽകാൻ ഫണ്ടില്ലാത്തതിനെത്തുടർന്ന് കരാറുകാരൻ സേവനം മതിയാക്കിയതോടെ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാതായി.അതോടേയാണ് സ്കൂളിന്റെ പ്രവർത്തനം നിലച്ചത്. ഇവിടെയുള്ള അധ്യാപകനും ആയയും സ്കൂളിൽ വരുന്നുണ്ടെങ്കിലും ഏപ്രിൽ മുതൽ ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 41 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 2025-26 വർഷത്തെ ബഡ്സ് സ്കൂളിന്റെ പ്രവർത്തന പദ്ധതി ഡിപിസി യുടെ അംഗീകാരം കിട്ടാൻ ഇതുവരേയും സമർപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയാത്തതാണ് ബഡ്സ് സ്കൂളിന്റെ പ്രവർത്തനം നിലക്കാൻ കാരണം. ബഡ്സ് സ്കൂളിനുള്ള ഈ വർഷത്തെ പ്രൊജക്ട് തയ്യാറാക്കി വരികയാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ പറയുന്നത്.

മാനസിക വെല്ലുവിളി നേരിടുന്നതും ഓട്ടിസം, സെറിബ്രൽ പാഴ്‌സി ബാധിച്ചവരും മൾട്ടിപ്പിൾ ഡിസെബിലിറ്റി ഉള്ളവരുമായ വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.ഈ കുട്ടികൾക്ക് അവരുടെ സ്കൂളും അവിടുത്തെ പഠനവും ഏറെ മാനസിക സന്തോഷം നൽകുന്നതാണ്. സ്കൂളിന്റെ പ്രവർത്തനം നിലച്ചതോടെ ഇവരെല്ലാം വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടുകയാണ്. ഇത് ഇവരിൽ വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്നതായി കുട്ടികളുടെ വീട്ടുകാർ പറയുന്നു.2016-ൽ ആണ് കുറ്റിപ്പുറത്ത് ബഡ്സ് സ്കൂൾ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. കൊവിഡിനെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച സ്കൂൾ 2023 ഫെബ്രുവരി 8-ന് വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.ഒൻപത് വർഷമായി പ്രവർത്തിക്കുന്ന സ്കൂൾ രജിസ്റ്റർ ചെയ്യുന്നതിനും വൈദ്യുതി ലഭ്യമാക്കാകാനും ഇതുവരേയും പഞ്ചായത്ത് ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടില്ല.സ്കൂളിന് തൊട്ടടുത്തായി മൃഗാശുപത്രി പ്രവർത്തിക്കുന്നതിനാൽ സ്കൂൾ മതിൽകെട്ടി സംരക്ഷിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യവും ഇതുവരേയും പരിഗണിക്കപ്പെട്ടിട്ടില്ല.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *