എടപ്പാൾ : തണൽമരങ്ങൾ പരവതാനി വിരിച്ചുനിന്ന എടപ്പാൾ-പട്ടാമ്പി റോഡിൽ മരത്തിന്റെ കൊമ്പുകൾ മുറിക്കാനുള്ള ശ്രമം ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ തടഞ്ഞു. കെട്ടിടത്തിനു ഭീഷണിയാകുന്നതരത്തിൽ നിന്ന മൂന്നു കൊമ്പുകൾ മുറിക്കാൻ നൽകിയ അനുമതിയുടെ മറവിൽ മരത്തിന്റെ നിലനിൽപ്പിനു ഭീഷണിയാകുംവിധം വലിയ കൊമ്പുകളടക്കം മുറിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും പൊതുമരാമത്തുവകുപ്പ്‌ അധികൃതരും മരംമുറി തടയുകയും അധികമായി കൊമ്പുകൾ മുറിച്ചതിൽ കേസെടുക്കുകയും ചെയ്തു.പട്ടാമ്പി റോഡിൽ അങ്കണവാടിക്ക് എതിർവശത്ത് പണിത പുതിയ കെട്ടിടസമുച്ചയത്തിനു മുന്നിലെ മരം മുറിയാണ് പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ചത്. രാവിലെ മരംമുറി ക്കാരെത്തി കുറച്ച് കൊമ്പുകൾ മുറിച്ച ശേഷമാണ് ആംബുലൻസ് ഡ്രൈവർമാരും യൂത്ത് കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തിയത്.

കെട്ടിടത്തിന്റെ മുകൾനിലയിലുള്ള ലക്ഷങ്ങൾ വിലവരുന്ന ചില്ലുകൾക്ക് നാശംവരുംവിധത്തിൽ നിൽക്കുന്ന കൊമ്പുകൾ മുറിക്കാൻ നിയമാനുസൃതം പണമടച്ച് പൊതുമരാമത്തുവകുപ്പിൽനിന്ന് അനുവാദം വാങ്ങിയിട്ടുണ്ടെന്നാണ് ഉടമ പറഞ്ഞത്. ഇതിന്റെ പകർപ്പും ഹാജരാക്കി. എന്നാൽ മൂന്നുകൊമ്പുകൾ മുറിക്കാനുള്ള അനുവാദത്തിന്റെ മറവിൽ മറ്റു മരക്കൊമ്പുകളും വ്യാപകമായി മുറിച്ചതോടെയാണ് നാട്ടുകാർ തടഞ്ഞത്. ചങ്ങരംകുളം ഇൻസ്‌പെക്ടർ എസ്. ഷൈനിന്റെ നേതൃത്വത്തിൽ പോലീസും പൊതുമരാമത്തുവകുപ്പ് ഓവർസിയർ ദിനേഷും സ്ഥലത്തെത്തി പരിശോധന നടത്തി. അനുവാദം നൽകിയതിൽ കൂടുതൽ ശിഖരങ്ങൾ മുറിച്ചതായി കണ്ടെത്തിയതോടെ എക്സി. എൻജിനീയർ സ്ഥലത്തെത്തി പോലീസിലും വനംവകുപ്പിലും പരാതി നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *