കുറ്റിപ്പുറം : കിൻഫ്ര വ്യവസായപാർക്കിലെ കുടിവെള്ളപദ്ധതിക്കെതിരേ പ്രതിഷേധവുമായി പ്രദേശവാസികൾ. പദ്ധതിക്കുള്ള കിണർ ആഴംകൂട്ടുന്നത് പ്രദേശത്തെ നൂറ്റൻപതിലധികം കുടുംബങ്ങൾക്കുള്ള രണ്ട് ശുദ്ധജല വിതരണ പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്ന വിഷയമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.കിൻഫ്ര പാർക്ക് സ്ഥിതിചെയ്യുന്ന 18 ഏക്കർ സ്ഥലം നേരത്തേ കേരള സോപ്്‌സ്‌ ആൻഡ് ഡിറ്റർജന്റ്സ് എന്ന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റേതായിരുന്നു. ഈ സ്ഥാപനം അടച്ചുപൂട്ടിയതിനെത്തുടർന്ന് 2018-ലാണ് കിൻഫ്ര വ്യവസായപാർക്കിനായി സ്ഥലം ഏറ്റെടുക്കുന്നത്.കെഎസ്‍ഡിസിയുടെ പ്രവർത്തനകാലത്ത് അവിടേക്കാവശ്യമായ വെള്ളം എടുത്തിരുന്നത് മൂന്നുകിലോമീറ്ററിനപ്പുറമുള്ള കെഎസ്ഡിസിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഏരിയൽചോല കായൽപ്പാടത്തെ വലിയ കിണറിൽ നിന്നായിരുന്നു.ഇപ്പോൾ ഈ കിണർ നവീകരിച്ചതിനുശേഷം പുതിയ മോട്ടോർ സ്ഥാപിച്ച് കിൻഫ്ര പാർക്കിലേക്ക് ജലവിതരണം നടത്താൻ കിൻഫ്ര അധികൃതർ രംഗത്തിറങ്ങിയതോടേയാണ് ജനകീയ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

കിൻഫ്ര പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിനായി അനുവദിച്ച 4.20 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കിൻഫ്ര പാർക്കിലേക്ക് ജലം വിതരണംചെയ്യാനുള്ള പദ്ധതിപുനരാരംഭിക്കുന്നത്. പ്രാദേശികമായുള്ള സഫ കുടിവെള്ളപദ്ധതി, എസ്‍സി കുടിവെള്ളപദ്ധതി എന്നിവയുടെ കിണറുകൾ, കിൻഫ്രയുടെ കിണർ നിൽക്കുന്ന പ്രദേശത്തിനു മുകളിലാണ്.കിൻഫ്ര കുടിവെള്ള പദ്ധതിയുടെ കിണർ ആഴംകൂട്ടിയാലും അവിടെനിന്ന് ജലവിതരണം ആരംഭിച്ചാലുംനിലവിലുള്ള രണ്ടു പദ്ധതികളുടെയും കിണറുകളിലെ ജലത്തിന്റെ അളവിനെ സാരമായി ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.ഏറെക്കാലമായി കിൻഫ്ര കുടിവെള്ളപദ്ധതിയുടെ കിണർ പ്രവർത്തന ക്ഷമമല്ലാത്തതിനാലാണ് നിലവിലെ രണ്ടു കുടിവെള്ളപദ്ധതികളെയും ബാധിക്കാതിരുന്ന തെന്നാണ് നാട്ടുകാർ പറയുന്നത്.ജൽജീവൻ പദ്ധതിയുടെ പ്രധാന സംഭരണി കിൻഫ്ര പാർക്കിലാണ് ആരംഭിക്കുന്നത്. അതിനാൽ ആ പദ്ധതിയുമായി കിൻഫ്ര സഹകരിച്ചാൽ വിഷയം പരിഹരിക്കാൻ കഴിയില്ലേയെന്ന ചോദ്യവും നാട്ടുകാർ ഉയർത്തുന്നു. കിണർ പുനർനിർമാണം നടത്തുന്നത് നാട്ടുകാർ തടയുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് കിൻഫ്ര അധികൃതർ പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ജനകീയ പ്രതിരോധം തീർക്കും:കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്തുനിന്നാണ് കിൻഫ്ര വലിയതോതിൽ വെള്ളം കൊണ്ടുപോകാൻ ശ്രമിക്കുന്നത്. ഇതിൽനിന്നും കിൻഫ്ര പിൻവാങ്ങി യില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കും.റിൻഷാദ് (പ്രദേശവാസി)

Related Post

Leave a Reply

Your email address will not be published. Required fields are marked *