പൊന്നാനി : വയൽ പ്രദേശങ്ങൾക്കു നാവുണ്ടായിരുന്നെങ്കിൽ.. ഒന്നു നിലവിളിക്കുകയെങ്കിലും ചെയ്തേനെ.. ഇവിടെ ആരും ശബ്ദിച്ചില്ല.. ഒരു ഉദ്യോഗസ്ഥനും അതുവഴി വന്നില്ല.. പൊലീസും വഴിമാറി നടന്നു.. ഇപ്പോൾ വയൽ ഭൂമിയെന്ന സത്യം മണ്ണിനടിയിലാണ്. കൊള്ള നടന്നത് ആറുവരിപ്പാത നിർമാണത്തിന്റെ മറവിൽ. കനത്ത കൊള്ളയ്ക്ക് ഇരയായത് പൊന്നാനി, ഇൗഴുവത്തിരുത്തി, തവനൂർ, കാലടി വില്ലേജിലെ വയൽ പ്രദേശങ്ങൾ. നിർമാണ കമ്പനിയായ കെഎൻആർസിഎല്ലിന്റെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞ് ഏക്കർ കണക്കിന് വയൽ ഭൂമി നികത്തിയെടുക്കുന്നുവെന്ന് റവന്യു വകുപ്പ് റിപ്പോർട്ട് ചെയ്തത് എല്ലാം കഴിഞ്ഞ ശേഷം. ഒടുവിൽ നികത്തുന്നതിനിടയിൽ കരാർ കമ്പനിയുടെ ലോറിയും റവന്യു പിടിച്ചെടുത്തു. ജില്ലയിൽ ആറുവരിപ്പാതയുടെ തകർച്ച ചർച്ചയാകുമ്പോൾ നിർമാണത്തിന്റെ മറവിൽ നടന്ന നികത്തലിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുകയാണ്.
ഇവർ ‘കൊല്ലാൻ’ കൂട്ടുനിന്നവർ.
ആറുവരിപ്പാത നിർമാണ കമ്പനിയുടെ ലോറി നിർമാണ സ്ഥലത്തനപ്പുറത്തേക്ക് ഒരു പിടി മണ്ണ് പോലും അനുമതിയില്ലാതെ ഇടാൻ പാടില്ല. എന്നാൽ, രാത്രിയിലും പകലും വലിയ ലോറികളിൽ ലോഡ് കണക്കിനു മണ്ണ് പാടശേഖരങ്ങളിൽ കൊണ്ടുവന്നിടുന്നുവെന്ന് നാട്ടുകാർ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അനങ്ങിയില്ല. ദേശീയപാതയുടെ നിർമാണം പൂർണതയിലേക്കെത്തുമ്പോൾ പാതയോരത്തെ പച്ചപ്പണിയിച്ചിരുന്ന വയൽ പ്രദേശങ്ങൾ ‘കൊല്ലപ്പെട്ടു’. വൻ തോതിലുള്ള നികത്തലാണ് പകൽ പോലും നടന്നത്. നികത്തലിനെതിരെ ശബ്ദമുയർത്തിയവരെ ഒതുക്കാൻ ശ്രമമുണ്ടായി.
നികത്തലിന്റെ ഒരു ഘട്ടത്തിലും കൃഷി ഓഫിസർ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തില്ല. എല്ലാം കഴിഞ്ഞാണ് നികത്തുന്നതിനിടയിൽ കരാറുകാരുടെ ഒരു ലോറി റവന്യു വകുപ്പ് പിടിച്ചെടുക്കുന്നത്. അത്രയും കാലം ഇൗ ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് മറുപടിയില്ല. എന്തുകൊണ്ട് നികത്തലിനെതിരെ നോട്ടിസ് നൽകിയില്ലെന്ന ചോദ്യത്തിൽ നിന്നും ചുമതലയുള്ള ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറുകയാണ്. ആറുവരിപ്പാതയിൽ കുറ്റിപ്പുറം മുതൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെ വിരലിലെണ്ണാവുന്ന വയൽ പ്രദേശങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇൗ തുണ്ട് ഭൂമിയും നാളുകളെണ്ണുകയാണ്.
തട്ടിപ്പിലൂടെ തരം മാറ്റിയത് ഏക്കർ കണക്കിന് വയൽ ഭൂമി
ആറുവരിപ്പാത കടന്നു പോകുന്ന പ്രധാന വയൽ പ്രദേശമാണ് ഇൗഴുവത്തിരുത്തി മേഖല. ഇൗ മേഖലയിൽ ഭൂമി തരം മാറ്റുന്നതിനായി ഇൗഴുവത്തിരുത്തി കൃഷി ഭവനു കീഴിൽ ഏറ്റവും ഒടുവിൽ ലഭിച്ചത് 2338 അപേക്ഷകളാണ്. ഇതിൽ 1924 അപേക്ഷകർക്കും വയൽ തരം മാറ്റി നൽകി. നെൽകൃഷി നടന്നു കൊണ്ടിരുന്ന വയൽ ഭൂമി വരെ തരം മാറ്റി നൽകിയെന്ന ആരോപണമുണ്ട്. കുറ്റിക്കാട് കുട്ടാട് പാടശേഖരത്തിൽ പെട്ട ഭൂമിയും തരം മാറ്റി നൽകാൻ ഉദ്യോഗസ്ഥർക്ക് കയ്യുറച്ചു.
ഇത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ മറ്റൊരു ഭൂമി കാണിച്ച് ഭൂവുടമ തന്നെ കബളിപ്പിച്ച താണെ ന്നായിരുന്നു നാട്ടുകാർക്ക് മുൻപിലുള്ള കൃഷി ഓഫിസറുടെ തുറന്നു പറച്ചിൽ. ഇൗ ഭൂമി തരം മാറ്റിയ നടപടി റദ്ദ് ചെയ്യാൻ ഉടൻ തന്നെ റിപ്പോർട്ട് നൽകിയെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. പച്ച വയൽ തരം മാറ്റുന്നതിന് കണ്ണടച്ചാണ് വില്ലേജ് ഓഫിസറും റിപ്പോർട്ട് എഴുതിവച്ചിരിക്കുന്നത്.
പച്ചപ്പു മായ്ച്ചുകളയാൻ ഒത്താശ ചെയ്തവർ
ഒരു ഭാഗത്ത് ആറുവരിപ്പാത നിർമാണത്തിന്റെ മറവിൽ നികത്തൽ. മറ്റൊരു ഭാഗത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വയൽ തരം മാറ്റൽ.. ഭൂമി നികത്തിയെടുത്ത് ലക്ഷങ്ങളുടെ ലാഭമുണ്ടാക്കുന്നതിൽ ഉദ്യോഗസ്ഥ കൂട്ടുകെട്ട് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. രേഖകളിൽ തരം മാറ്റപ്പെട്ട ഭൂമി കേന്ദ്രീകരിച്ച് അന്വേഷണം നടന്നാൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുമെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിയമക്കുരുക്കുകൾ മറികടന്നാണ് തരം മാറ്റൽ മിക്കതും നടന്നിരിക്കുന്നത്. ആറുവരിപ്പാത കടന്നു പോകുന്ന വയൽ പ്രദേശങ്ങളിൽ അതിവേഗത്തിലാണ് ഭൂമി തരം മാറ്റിയെടുത്തിരിക്കുന്നത്. കൃഷി ഓഫിസറെയും വില്ലേജ് ഓഫിസറെയും മറ്റ് റവന്യു ഉദ്യോഗസ്ഥരെയും സ്വാധീനിച്ചാണ് തരം മാറ്റൽ നടത്തുന്നത്.
പാടശേഖര കമ്മിറ്റി അറിഞ്ഞോ..?
ഇൗഴുവത്തിരുത്തിയിൽ ഒറ്റയടിക്ക് 1924 വയൽ ഭൂമികൾ തരം മാറ്റപ്പെട്ടു. അവശേഷിക്കുന്ന വയൽ പ്രദേശങ്ങളും നികത്തിക്കൊണ്ടിരിക്കുന്നു. നികത്തിയ ഭൂമിയിൽ വലിയ തെങ്ങു വരെ കൊണ്ടുവന്ന് വച്ച് പറമ്പ് പ്രദേശമാണെന്നു കാണിച്ചും തരം മാറ്റിയെടുക്കുന്നു. പാടശേഖര കമ്മിറ്റികളെ നിശബ്ദമാക്കി തരം മാറ്റൽ നടപടികൾ ചില ഉദ്യോഗസ്ഥരുടെ അധികാരപരിധിയിൽ മാത്രം ഒതുക്കിയിരിക്കുന്നു.
നിയമം വളച്ചൊടിച്ച് തരം മാറ്റം
2008ൽ പ്രാബല്യത്തിൽ വന്ന നെൽവയൽ തണ്ണീർത്തട നിയമം ദുരുപയോഗം ചെയ്താണ് നിലവിൽ നടക്കുന്ന മിക്ക തരം മാറ്റവും. 2008ന് മുൻപ് പറമ്പായി കിടക്കുകയും നിയമപ്രകാരം ഡേറ്റ ബാങ്കിൽ ഉൾപ്പെടുകയും ചെയ്ത ഭൂമികൾക്കു മാത്രമേ തരം മാറ്റാൻ അനുമതിയുള്ളു. ഇൗ നിയമം വളച്ചൊടിച്ചാണ് പുതിയ തരം മാറ്റം. ഇതിൽ കൃഷി ഓഫിസർമാർക്കും വില്ലേജ് ഓഫിസർമാർക്കും വലിയ പങ്കുണ്ടെന്നാണ് ആരോപണം.
നാളെ : ‘കേന്ദ്ര മന്ത്രിക്കു വേണ്ടപ്പെട്ടവരുടെ ഭൂമിയെന്നു പറഞ്ഞ്
പുതുപൊന്നാനിയിൽ ആറുവരിപ്പാത നിർമാണ കരാറുകാരുടെ നികത്തൽ’.തുരുത്ത് തകർക്കപ്പെട്ട് ഇൗഴുവത്തിരുത്തി 2008ലെ കണക്കനുസരിച്ച് 341.46 ഹെക്ടർ നെൽവയൽ പ്രദേശമുള്ള ഇൗഴുവത്തിരുത്തി വില്ലേജിൽ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 25 ഹെക്ടർ നെൽവയൽ മാത്രമാണുള്ളത്. അവശേഷിക്കുന്ന ഇൗ തുണ്ട് വയലിന് മുകളിലാണ് ആറുവരിപ്പാത കരാർ കമ്പനിയും ഉദ്യോഗസ്ഥരും ഭൂവുടമകളും ചേർന്ന് മണ്ണിട്ടത്. ഇനി നെൽതുരുത്ത് നഷ്ടപ്പെട്ട ഇൗഴുവത്തിരുത്തിയാണ്. ഏക്കർ കണക്കിന് ഭൂമി കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നികത്തപ്പെട്ടു.