എരമംഗലം : കുണ്ടുകടവ്-ഗുരുവായൂർ സംസ്ഥാനപാതയോരത്ത് ജൽജീവൻ പദ്ധതിക്കായി കുത്തിയ കുഴികളിൽ മഴവെള്ളം നിറഞ്ഞ് റോഡ് കുളമായതോടെ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനപാത ഉപരോധിച്ചു. അധികാരിപ്പടിയിൽ പ്രകടനവുമായെത്തിയ പ്രവർത്തകർ മാറഞ്ചേരി മുക്കാലിയിൽ റോഡ് ഉപരോധിക്കുകയായിരുന്നു.
പെരുമ്പടപ്പ് പോലീസെത്തി പ്രവർത്തകരെ നീക്കംചെയ്തു. ഏറെനേരം പോലീസും പ്രവർത്തകരും വാക്കേറ്റമുണ്ടായി. കുണ്ടുകടവ്-ഗുരുവായൂർ സംസ്ഥാനപാത ഉപരോധിച്ചതിൽ അൻപതോളം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡൻറ് മുസ്തഫ വടമുക്ക്, മാറഞ്ചേരി മണ്ഡലം പ്രസിഡൻറ് ടി. ശ്രീജിത്ത്, ഷിജിൽ മുക്കാല, ടി. മാധവൻ, യൂസഫ് അയിനിക്കൽ, സി. മുനീർ, ജിനീഷ് മുക്കാല തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വംനൽകി.