ചങ്ങരംകുളം : കനത്ത മഴ തുടരുന്നതിനിടെ ചങ്ങരംകുളം മേഖലയിൽ പല റോഡുകളും വെള്ളത്തിൽ മുങ്ങി. സംസ്ഥാനപാതയോരത്ത് നിരവധി കടകളിലും വെള്ളം കയറിയിട്ടുണ്ട്. വയലുകളും തോടുകളും പലതും കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ഗ്രാമീണ റോഡുകൾ പലതും വെള്ളം കയറിയ അവസ്ഥയിലാണ്.മൂക്കുതല-നരണിപ്പുഴ റോഡിലൂടെ നടന്നു പോകാൻപോലും കഴിയാത്ത അവസ്ഥയിലാണ്. പല റോഡുകളിലും വെള്ളം കയറിയതിനാൽ റോഡിലെ കുണ്ടും കുഴികളും കാണാത്ത അവസ്ഥയിലാണ്.
പല ഇരുചക്രവാഹനയാത്രക്കാരും കുണ്ടിലും കഴിയിലും ചാടി അപകടംപറ്റുന്നത് പതിവാണ്.പലയിടത്തായി രൂക്ഷമായ വെള്ളക്കെട്ട് രൂപംകൊണ്ടിരിക്കുകയാണ്.വെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകൾ പലതും മാലിന്യങ്ങളും മണ്ണും വന്ന് നിറഞ്ഞതോടെ വെള്ളം ഒഴുകി പ്പോകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അഴുക്കുചാലുകളിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.