നാളികേര ക്ഷാമത്തിന്‍റെ മറവില്‍ വ്യവസായികള്‍ വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചത് കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു.നാളികേര കർഷകരെ മറയാക്കി വ്യവസായ ലോബി നടത്തിയ നീക്കം സംസ്ഥാന സർക്കാർ കണ്ടില്ലെന്ന ഭാവത്തില്‍.കാലാവസ്ഥ അല്‍പ്പം തെളിഞ്ഞത് അവസരമാക്കി ചെറുകിട കർഷകർ റബർ തോട്ടങ്ങളില്‍ റെയിൻ ഗാർഡ് ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഓഫ് സീസണിലെ കൊക്കോയുടെ വിലക്കയറ്റത്തിന് തുരങ്കം വയ്ക്കാൻ ചോക്ലേറ്റ് വ്യവസായികള്‍, അന്താരാഷ്ട്ര മാർക്കറ്റില്‍ കൊക്കോ വീണ്ടും 10,000 ഡോളറിലേക്ക്. കുരുമുളക് വില നേരിയ റേഞ്ചില്‍ നീങ്ങി.
കുടുംബ ബജറ്റ് താളം തെറ്റിച്ച് വെളിച്ചെണ്ണ വില:കേരളത്തില്‍ വെളിച്ചെണ്ണ വിലയെ പിന്നിട്ട വാരം കുത്തനെ ഉയർത്തി. വിപണിയിലെ അസ്വാഭാവിക വിലക്കയറ്റം കണ്ടിട്ടും സംസ്ഥാന സർക്കാർ ഒന്നും കണ്ടില്ലെന്ന ഭാവത്തിലാണ്. ഒറ്റ ആഴ്ചയില്‍ വെളിച്ചെണ്ണ ക്വിന്‍റലിന് 900 രൂപ ഉയർന്ന് 31,100 രൂപയായി. കൃത്രിമ വിലക്കയറ്റം നിരീക്ഷിക്കുന്നതില്‍ സർക്കാർ വൃത്തങ്ങള്‍ക്ക് സംഭവിച്ച വീഴ്ച ഫലത്തില്‍ കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു.
വിപണിയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ വിലയിരുത്തുന്നതില്‍ ഭരണചക്രത്തിന് സംഭവിച്ച വീഴ്ച അവസരമാക്കി അയല്‍ സംസ്ഥാനങ്ങളിലെ വൻകിട കൊപ്രയാട്ട് വ്യവസായികള്‍ കേരളത്തിലെ എണ്ണ വിപണികളെ കൈകുമ്ബിളിലിട്ട് ഒരാഴ്ച്ച അമ്മാനമാടിയിട്ടും ‘ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ’യെന്ന ഭാവത്തിലാണ്.
ഏത് ഒരു ഉത്പന്നത്തിനും അത് ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഉയർന്ന വില ലഭിക്കുകതന്നെ വേണം. എന്നാല്‍, ഇവിടെ നാളികേര കർഷകരെ നോക്കുകുത്തിയാക്കിയാണ് വ്യവസായികള്‍ കരുക്കള്‍ ഓരോന്നായി നീക്കിയത്. പച്ചത്തേങ്ങയോ, കൊപ്രയോ സംഭരിക്കാൻ അവർ ഉത്സാഹം കാണിക്കുന്നില്ല. ഇവ രണ്ടും മില്ലുകാർ ശേഖരിച്ചാല്‍ മാത്രമേ കർഷകർക്ക് ഉയർന്ന വില ഉറപ്പ് വരുത്താനാവൂ. വ്യവസായിയാവട്ടേ സ്റ്റോക്കുള്ള വെളിച്ചെണ്ണ മാസാരംഭ ഡിമാന്‍ഡിന്‍റെ മറവില്‍ നിത്യേന വില ഉയർത്തി വിറ്റഴിച്ചു.
പാചകയെണ്ണകളുടെ വിലക്കയറ്റം തടയാൻ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ച പ്രഖ്യാപനം പുറത്തു വന്ന് ഒരാഴ്ചയ്ക്കിടയിലാണ് വിപണിയില്‍ കൃത്രിമങ്ങള്‍ അരങ്ങേറിയത്. കൊച്ചി വിപണിയിലെ അടിസ്ഥാന വിലയെ ആസ്പദമാക്കിയാണ് രാജ്യാന്തര മാർക്കറ്റില്‍ പോലും ഇന്ത്യൻ നാളികേരോത്പപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്.
പിന്നിട്ടവാരം തമിഴ്നാട്ടില്‍ വെളിച്ചെണ്ണ ക്വിന്‍റലിന് 32,300ല്‍ നിലകൊണ്ടപ്പോള്‍ കേരളത്തില്‍ നിരക്ക് 30,200ല്‍നിന്നും 31,100 രൂപ വരെ ഉയർത്തി. ഈ വിലക്കയറ്റം മൊത്തമായും വ്യവസായികളുടെ സൃഷ്ടിയാണ്. കൊപ്ര 20,200ല്‍ നിന്നും 20,800ലേക്ക് കയറിയെങ്കിലും ഇടപാടുകള്‍ നാമമാത്രമായിരുന്നു. ഇനി കർക്കടകം വരെ വിളവെടുപ്പ് രംഗം നിർജീവമായിരിക്കും.
നടപ്പുവർഷം ആഗോള വെളിച്ചെണ്ണ ഉത്പാദനം 3.22 ദശലക്ഷം ടണ്ണില്‍ ഒതുങ്ങുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ വർഷം ഉത്പാദനം 3.28 ദശലക്ഷം ടണ്ണായിരുന്നു. പ്രവചനാതീതമായ തോതിലെ മഴയും ഉയർന്ന ചൂടും മൂലം പ്രധാന ഉത്പാദക രാജ്യങ്ങളില്‍ മച്ചിങ്ങ പൊഴിച്ചില്‍ കഴിഞ്ഞ വർഷം മുതല്‍ വ്യാപകമായത് ഉത്പാദനത്തെ ബാധിച്ചു.
നാളികേര ഉത്പാദനത്തില്‍ മുൻ നിരയിലുള്ള ഫിലിപ്പീൻസ് 2024ല്‍ 1.33 ലക്ഷം ടണ്ണായിരുന്നു ഉത്പാദിപ്പിച്ചത്. ഈ വർഷം 1.25 ലക്ഷം ടണ്ണായി ചുരുങ്ങാം. ഇന്തോനേഷ്യയിലും ഇന്ത്യയിലും ഉത്പാദനം ചുരുങ്ങിയതും ലോക വിപണിയില്‍ ഉത്പന്ന ക്ഷാമം രൂക്ഷമാക്കി. ലഭ്യത ചുരുങ്ങിയ തക്കത്തിന് വെളിച്ചെണ്ണ വില കൃത്രിമായി ഉയർത്താൻ തമിഴ്നാട് ലോബി കിണഞ്ഞ് ശ്രമിക്കുന്നതായി വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.