കടവനാട്: വൈദ്യുതിയുടെ ഒളിച്ചുകളി മൂലം ദുരിതത്തിലായിരിക്കുകയാണ് കടവനാട് വാര്യത്ത് പടിയിലെ ജനങ്ങൾ. ദിവസവും പകലും രാത്രിയുമായി മണിക്കൂറുകളോളം ലൈൻ ഓഫ് ചെയ്തിടുകയാണ് വാര്യത്തെ പടിയിലെ ട്രാൻസ്ഫോർമർ. കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചാൽ ട്രാൻസ്ഫോർമറിൽ പണി നടക്കുകയാണ് എന്ന പതിവ് പല്ലവി മാത്രം.
കുട്ടികൾ, വയോധികർ, രോഗികൾ, തുടങ്ങി പുതിയ ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലെ കമ്പനികളിലെ ജോലി ‘വർക്ക് ഫ്രം ഹോം’ ആയി ചെയ്യുന്നവരും ദുരിതത്തിലായിരിക്കുകയാണ് തുടരെ തുടരെ മണിക്കൂറുകളോളം വൈദ്യുതി ഓഫ് ചെയ്യുന്നത് മൂലം. മാസങ്ങളായി കെ.എസ്.ഇ.ബി അധികൃതർ പറയുന്നത് ഒറ്റ കാരണമാണ്. ഈ വൈദ്യുതി പ്രശ്നത്തിന്റെ പ്രധാന കാരണം – ‘ട്രാൻസ്‌ഫോർമർ തകരാർ’ എന്ന് അധികൃതർ പറയുന്നുവെങ്കിലും, ഇത് മാസങ്ങളായി പറയുന്ന ന്യായമാണ്, ഇതുവരെ അതിനൊരിക്കലും സ്ഥിരപരിഹാരമുണ്ടായിട്ടില്ല. താൽക്കാലികമായി സജ്ജമാക്കിയാലും 10-20 മിനിറ്റിനകം വീണ്ടും വൈദ്യുതി മുടക്കമാകും. ജനങ്ങൾ പൊറുതി മുടിയിരിക്കുകയാണ് കെ.എസ്.ഇ.ബിയുടെ ഈ അനാസ്ഥ മൂലം.
“കുട്ടികൾ കഠിന ചൂടിൽ ഉറങ്ങാൻ പോലും കഴിയുന്നില്ല. ഫാൻ ഇല്ല, ലൈറ്റ് ഇല്ല, വർക്ക്ഫ്രം ഹോം ജോലിക്കാരെന്ത് ചെയ്യും? രോഗികൾക്ക് എല്ലാം പ്രതിസന്ധിയാണ്,” – എന്ന് ഒരു പ്രദേശവാസി പറയുന്നു.
“ഇനി പൊറുക്കാൻ കഴിയില്ല” – ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.
വൈദ്യുത വകുപ്പിൻ്റെ അനാസ്ഥയിൽ പൊറുതി മുട്ടിയ നാട്ടുകാർ ഇനി ശബ്ദം ഉയർത്താൻ തീരുമാനിച്ചിരിക്കയാണ്. വൈദ്യുതി ഓഫിസിന് മുന്നിൽ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് അവർ. “ഇത് ഞങ്ങളുടെ അവകാശം ആണ്. ഇനിയും ഇത്തരം അനാസ്ഥ പൊറുക്കാനാകില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജോലി — എല്ലാം പ്രതിസന്ധിയിലാണെന്ന് ആരും മനസിലാക്കുന്നില്ല” എന്നാണ് നാട്ടുകാരിൽ ഒരാൾ പ്രതികരിച്ചത്.