പൊന്നാനി: ഫിഷിങ് ഹാർബറുകളിലെ പുലിമുട്ടിനായുള്ള കരിങ്കല്ലുകളിൽ തൂക്കത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ ചീഫ് എൻജിനീയർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന്  വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സർക്കാരിനു റിപ്പോർട്ട് നൽകി. ഹാർബർ എൻജിനീയറിങ് വകുപ്പ് മുൻ ചീഫ് എൻജിനീയർ ബി.ടി.വി.കൃഷ്ണൻ, ഐടി സെല്ലിന്റെ നോഡൽ ഓഫിസർ ചുമതലയുണ്ടായിരുന്ന കെ.എസ്.രഞ്ജിത്ത്, അസിസ്റ്റന്റ് എൻജിനീയർ ഐശ്വര്യ സുഗതൻ, സോഫ്‌റ്റ്‌വെയർ കോഓർഡിനേറ്റർ ചുമതലയിലുണ്ടായിരുന്ന ബ്ലൂപ്രിന്റർ എം.എസ്.മനു എന്നിവർക്കെതിരെ  യാണു വകുപ്പുതല നടപടി സ്വീകരിക്കുന്നതിനു സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

പുലിമുട്ട് നിർമാണത്തിനായി കൊണ്ടുവരുന്ന കരിങ്കല്ലിന്റെയും ടെട്രാപോഡിന്റെയും തൂക്കം അളക്കുന്നതിനായി ട്രിപ്സ് സോഫ്റ്റ്‌വെയർ സ്ഥാപിച്ച നടപടികളിലെ വീഴ്ചയാണ് ഉദ്യോഗസ്ഥർ ക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. ചട്ടങ്ങൾ മറികടന്നു സ്റ്റാർട്ടപ് കമ്പനിയിൽനിന്നു നേരിട്ട് സോഫ്റ്റ്‌വെയർ വാങ്ങിയതു ഗുരുതര വീഴ്ചയായാണു കണ്ടെത്തിയിരിക്കുന്നത്.ഇൗ സോഫ്റ്റ്‌വെയറിൽ കരിങ്കല്ലിന്റെയും ടെട്രാപോഡിന്റെയും അളവുകളിൽ കൃത്രിമം നടത്താൻ കഴിയുമെന്നും കണ്ടെത്തിയിരുന്നു.

വിജിലൻസ് നേരത്തേ നടത്തിയ മിന്നൽ പരിശോധനയിലും, തൂക്കത്തിൽ ക്രമക്കേടു നടത്തുന്ന തിനുള്ള സാധ്യത നേരിട്ടു ബോധ്യപ്പെട്ടിരുന്നു. എന്നാൽ, എത്ര തൂക്കം കുറഞ്ഞുവെന്നോ കരിങ്കല്ലിൽ എത്ര ലോഡ് കൃത്രിമം കാണിച്ചുവെന്നോ വിജിലൻസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടലിൽ നിക്ഷേപിച്ച കരിങ്കല്ലിന്റെ അളവെടുക്കുന്നതു പ്രായോഗികമല്ലെന്ന സാധ്യതയാണ് വൻ അഴിമതി നടത്താൻ ഉദ്യോഗസ്ഥർക്കു സഹായകമാകുന്നതെന്നു നേരത്തേ ആരോപിക്കപ്പെട്ടിരുന്നു. സമാനമായ നിലപാടിലാണു വിജിലൻസ് എത്തിയിരിക്കുന്നത്.

‘തൂക്കം കണ്ടെത്തുംവരെ പിറകേയുണ്ടാകും’
പുലിമുട്ടിനായുള്ള കരിങ്കല്ലിൽ തൂക്കത്തട്ടിപ്പ് നടത്തുന്നുവെന്നും വൻ അഴിമതി പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു വിജിലൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്, ഹാർബർ വകുപ്പിൽ ചീഫ് എൻജിനീയറുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ്. തട്ടിപ്പിന്റെ അളവ് കണ്ടെത്തുന്നതുവരെയും ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതുവരെയും ഇതിനു പിറകേയുണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ ‘മനോരമ’യോട് പറഞ്ഞു.

കരിങ്കല്ലിന് കണക്കില്ല; ഉദ്യോഗസ്ഥർക്ക് പഴുത്
പുലിമുട്ടിനായുള്ള കരിങ്കല്ലിന്റെ തൂക്കത്തിൽ തട്ടിപ്പു നടത്താനാകുമെന്നു വിജിലൻസ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടും നഷ്ടപ്പെട്ട കല്ലിന്റെ കണക്കു കണ്ടെത്താനാകാത്തതിനാൽ ഉദ്യോഗസ്ഥരെ അഴിമതി നിരോധന നിയമത്തിനു കീഴിൽനിന്നു വിജിലൻസ് ഒഴിവാക്കി. പകരം വകുപ്പുതല നടപടിക്കാണു സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൂക്കത്തിൽ ക്രമക്കേടു നടത്താൻ കഴിയുന്ന സോഫ്‌റ്റ്‌വെയർ സ്ഥാപിച്ച, ഹാർബർ എൻജിനീയറിങ് വകുപ്പിലെ മുൻ ചീഫ് എൻജിനീയർ നാലു വർഷം മുൻപേ സർവീസിൽനിന്നു വിരമിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *