വെളിയങ്കോട് : കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി അജ്മേർ നഗർ തീരദേശ റോഡ് പുനർ നിർമിക്കാത്തത് കാരണം വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ തീരദേശ വിദ്യാർഥി കൾ സ്കൂൾ യാത്ര ദുരിതമായി. പാലപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഗവ.ഫിഷറീസ് യുപി സ്കൂൾ, വെളിയങ്കോട് ഗവ.ഫിഷറീസ് സ്കൂൾ, വെളിയങ്കോട് അങ്ങാടിയിലെ സ്കൂളുകൾ എന്നിവിട ങ്ങളിലേക്ക് പോകാൻ പ്രധാനമായും ആശ്രയിക്കുന്ന റോഡാണ് അജ്മേർ നഗർ റോഡ്. റോഡ് ഇല്ലാതായതോടെ കിലോമീറ്ററുകളോളം നടന്നാണ് വിദ്യാർഥികൾ സ്കൂളിൽ എത്തിച്ചേരുന്നത്.
തീരദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മേർ നഗർ റോഡ് 3 വർഷം മുൻപുണ്ടായ കടലാക്രമണത്തിൽ തകരുകയും ഗതാഗതം മുടങ്ങുകയും ചെയ്തു. പാലപ്പെട്ടി, വെളിയങ്കോട് തീര മേഖലയുമായി വേഗത്തിൽ ബന്ധിപ്പിക്കുന്ന റോഡ് പുനർ നിർമിക്കാൻ വൈകുന്നതിൽ തീരദേശവാസികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നൂറ് മീറ്ററോളം റോഡാണ് കടലാക്രമണത്തിൽ തകർന്നത്. ജനപ്രതിനിധികൾ മുൻ കൈ എടുത്ത് റോഡ് പുനർ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.