തിരൂരങ്ങാടി : കൂരിയാട്ട് ദേശീയപാത തകർന്നതിനെത്തുടർന്ന് ഗതാഗതം തിരിച്ചുവിട്ട തിരൂരങ്ങാടിയിലെ റോഡുകളിൽ മണിക്കൂറുകൾ കുരുക്കിലമർന്ന് യാത്രക്കാർ. തിരക്കേറിയ റോഡിലെ ഗതാഗതനിയന്ത്രണത്തിന് പ്രത്യേകമായി നിയമിച്ചിരുന്ന 10 പോലീസുകാരെ തിരൂരങ്ങാടിയിൽനിന്ന് പിൻവലിച്ചതോടെയാണ് കുരുക്ക് വീണ്ടും രൂക്ഷ മായിരിക്കുന്നത്. ചെമ്മാട് ടൗൺ, തിരൂരങ്ങാടി പനമ്പുഴ റോഡ് ജങ്ഷൻ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണ ത്തിന് പ്രത്യേകമായി പോലീസുകാർ ഉണ്ടായിരുന്നു.ഗതാഗതത്തിരക്കുണ്ടെങ്കിലും വലിയ കുരുക്കില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിന് പോലീസുകാരുടെ സാന്നിധ്യം സഹായിച്ചിരുന്നതാണ്.
രണ്ടു ദിവസമായി ഈ പോലീസുകാരൊന്നും റോഡിലില്ല. ദേശീയപാതയിലൂടെകടന്നുപോകേണ്ട കണ്ടെയ്‌നറുകൾ, ടാങ്കർ ലോറികൾ, ദീർഘദൂരബസുകൾ തുടങ്ങിയവയെല്ലാം കക്കാട്, തിരൂരങ്ങാടി, പനമ്പുഴ റോഡ്, മമ്പുറം, വികെ. പടി, ചെമ്മാട്, തലപ്പാറ വഴിയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഈ പ്രദേശങ്ങളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണ് ഇതുണ്ടാക്കുന്നത്. ചെമ്മാട്, തിരൂരങ്ങാടി ടൗണുകളിലെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും വലിയ ദുരിതം അനുഭവിക്കുന്നുണ്ട്. ഇതിനിടെയാണ് ഗതാഗതനിയന്ത്രണത്തിനുണ്ടായിരുന്ന പോലീസുകാരെ പിൻവലിച്ചിരിക്കുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചുമതലക്കായി കൂടുതൽ പോലീസുകാരെ ആവശ്യമായിവന്ന തോടെയാണ് തിരൂരങ്ങാടിയിലേക്ക് അനുവദിച്ച അധികപോലീസുകാരെ പിൻവലിച്ചതെന്നാണ് വിവരം. പിൻവലിച്ച പോലീസുകാരെ ഗതാഗതനിയന്ത്രണത്തിന് അടിയന്തരമായി അനുവദി ക്കണമെന്ന ആവശ്യം ശക്തമാണ്. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ എണ്ണം കുറവായതോടെയാണ് ദേശീയപാത തകർന്ന സംഭവത്തിനുശേഷം ഗതാഗതനിയന്ത്രണത്തിന് കൂടുതൽ പോലീസുകാരെ മലപ്പുറത്തുനിന്ന് തിരൂരങ്ങാടിയിലേക്ക് അനുവദിച്ചിരുന്നത്.