എടപ്പാൾ : എടപ്പാൾ എന്നു പറയുമ്പോൾ വലിയ പേരാണ് എല്ലാവർക്കും. വളരെ പെട്ടെന്ന് വളർന്ന് വികസിച്ച ജില്ലയിൽ മേല്പാലം വരെയുള്ള ടൗണുകളിൽ ഒന്ന്. ഏതു നാട്ടിലേക്ക് പോകാനും ഏതുസമയത്തും യാത്രാ സൗകര്യമുള്ള ടൗൺ. ഒട്ടുമിക്ക സാധനങ്ങളും ലഭിക്കുന്ന വലിയ വ്യാപാര സ്ഥാപനങ്ങൾ.എന്നാൽ സൂക്ഷ്മതയോടെ ശ്രദ്ധിച്ചാലറിയാം, ഇവിടുത്തെ ഇല്ലായ്മകളുടെ അവസ്ഥ. വലിയ കാര്യങ്ങളൊന്നുമല്ല, ഏതൊരു ടൗണിന്റെയും പ്രാഥമിക കാര്യമാണ് യാത്രക്കാർക്ക് സൗകര്യമായി ബസ് കാത്തുനിൽക്കാൻ കഴിയുന്ന ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ.
ചെറിയ സ്റ്റോപ്പുകളിൽപ്പോലും വൈഫൈ ബസ് കാത്തിരിപ്പുകേന്ദ്രമുള്ള കാലമാണിത്. ബസ്‌സ്റ്റാൻഡ് എന്നതൊക്കെ ഈ ടൗണിന് പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്. സ്റ്റാൻഡു ണ്ടാക്കാനുള്ളത്ര പ്രയാസമൊന്നുമില്ല കാത്തിരിപ്പുകേന്ദ്രമൊരുക്കാൻ.എന്നാൽ എടപ്പാളിൽ ഇതുപോലും നല്ലരീതിയിൽ ഒന്നില്ല എന്നതാണ് അവസ്ഥ.
ഒന്നു പോര, നാലു റോഡിലും വേണം
തൃശ്ശൂർ-കോഴിക്കോട്, പാലക്കാട്-പൊന്നാനി റോഡുകൾ സംഗമിക്കുന്ന ടൗണായതിനാൽ നാലു റോഡിലും വേണം കാത്തിരിപ്പുകേന്ദ്രങ്ങൾ. എന്നാൽ ഇപ്പോഴുള്ളത് തൃശ്ശൂർ-കോഴിക്കോട് റോഡുകളിൽ മാത്രം. കോഴിക്കോട് റോഡിൽ ശരാശരി ഏതുസമയത്തും 50-ൽ കുറയാത്ത ആളുകൾ ബസ് കാത്തുനിൽക്കുന്നുണ്ടാകും.നാലോ അഞ്ചോ പേർക്ക് നിൽക്കാൻ പറ്റുന്നതാണിത്. തൃശ്ശൂർ റോഡിൽ അല്പംകൂടി വലുപ്പമുണ്ട്. എന്നാൽ മഴയും വെയിലുമൊന്നും കൊള്ളാതെ ഇവയിൽ നിൽക്കാനാവില്ല.
പട്ടാമ്പി റോഡിൽ നിർമിച്ച കാത്തിരിപ്പുകേന്ദ്രം ടൗണുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലത്താണ്. പൊന്നാനി റോഡിൽ ഒരു വ്യക്തിയുടെ വീടിനുമുൻപിൽ നിർമിച്ച കേന്ദ്രം അദ്ദേഹം കോടതിയിൽപ്പോയി പൊളിപ്പിച്ചു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഇത്തരത്തിൽ പത്തിൽത്താഴെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചത്.അവയുടെ സ്ഥിതിയാണിത്. കോഴിക്കോട് റോഡിൽ ഉച്ചവരെയും തൃശ്ശൂർ റോഡിൽ ഉച്ചയ്ക്കുശേഷവും കടുത്ത വെയിലേറ്റാണ് യാത്രക്കാർ കാത്തുനിൽക്കുന്നത്.