കുറ്റിപ്പുറം : മഴക്കാലത്തും കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ് കുറ്റിപ്പുറം പഞ്ചായത്തിലെ നൂറുകണക്കിനു കുടുംബങ്ങൾ.മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡ് നവീകരണപ്രവൃത്തികൾക്കിടയിൽ കുറ്റിപ്പുറം ജലനിധി കുടിവെള്ളവിതരണ പദ്ധതിയുടെ ജലവിതരണ പൈപ്പുകൾ തകർന്നതിനെത്തുടർന്ന് കുടിവെള്ളവിതരണം നടക്കാത്തതുമൂലമാണ് ജനങ്ങൾ ദുരിതം നേരിടുന്നത്.കഴിഞ്ഞ ഒരുമാസത്തോളമായി ജലനിധി കുടിവെള്ളവിതരണ പദ്ധതിയുടെ ജലവിതരണം നിലച്ചിട്ട്. ചുങ്കം, സബ്‌സ്റ്റേഷൻ ഭാഗങ്ങളിലായി ഇതിനകം റോഡ് താഴ്‌ത്തി നിർമിക്കുന്നതിനിടയിൽ ജലവിതരണപൈപ്പുകൾ തകർന്നു.
തകർന്ന ജലവിതരണപൈപ്പുകൾ മാറ്റിസ്ഥാപിച്ചു നൽകാൻ പിഡബ്ല്യുഡി നടപടികൾ സ്വീകരിക്കുന്നില്ല. ഇതിനെത്തുടർന്നാണ് ജലവിതരണം നിലച്ചത്.ബൈപ്പാസ് പുനർനിർമാണം ആരംഭിച്ചതുമുതൽ ജലവിതരണപൈപ്പുകൾ തകരുന്നുണ്ട്. നിരവധി തവണ കുറ്റിപ്പുറം ജലനിധി എസ്എൽഇസി കമ്മിറ്റിതന്നെ മുൻകൈയെടുത്താണ് തകർന്ന പൈപ്പുകൾ മാറ്റിസ്ഥാപിച്ചത്. പഞ്ചായത്തിലെ അഞ്ചുമുതൽ 16 വരെയുള്ള വാർഡുകളിലായി 2500-ൽപ്പരം കുടുംബങ്ങൾ ഈ കുടിവെള്ളപദ്ധതിയെ ആശ്രയിക്കുന്നുണ്ട്. ഇതിൽത്തന്നെ ആയിരത്തിൽപ്പരം കുടുംബങ്ങൾക്ക് സ്വന്തമായി കിണറില്ല.
ഇവരാണ് കുടിവെള്ളവിതരണം നിലക്കുമ്പോൾ ഏറെ ദുരിതത്തിലാകുന്നത്. മഴവെള്ളം പാത്രങ്ങളിൽ ശേഖരിച്ചാണ് ഈ കുടുംബങ്ങൾ ഇപ്പോൾ പ്രശ്നത്തിന് നേരിയതോതിൽ പരിഹാരം കാണുന്നത്.കുടിവെള്ളവിതരണം നടക്കാത്തതിനാൽ എസ്എൽഇസി കമ്മിറ്റിക്ക് ഉപഭോക്താക്കളിൽനിന്ന് ഫീസ് വാങ്ങാൻ കഴിയാത്തതിനാൽ വാട്ടർ അതോറിറ്റിയിൽ പണമടയ്ക്കാനും ജലവിതരണ ലൈനുകളിലെ അറ്റകുറ്റപ്പണികൾ നടത്താനും കഴിയാത്ത അവസ്ഥയിലായത് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ഇതിനെത്തുടർന്ന് പൈപ്പുകൾ തകർക്കപ്പെടുന്ന വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നഭ്യർഥിച്ച് എസ്എൽഇസി കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.