കുറ്റിപ്പുറം : റെയിൽവേസ്റ്റേഷൻ റോഡിലെ കൈയേറ്റങ്ങളും പെട്ടിക്കടകളും ഒഴിപ്പിച്ച് റോഡിന്റെ വീതി വർധിപ്പിച്ചുനൽകണമെന്ന റെയിൽവേ അധികൃതരുടെ കത്ത് പഞ്ചായത്ത് അവഗണിച്ചതോടെ ആവശ്യത്തിൽനിന്നു റെയിൽവേ പിൻവാങ്ങി.ബസ്‌സ്റ്റാൻഡിൽനിന്ന് റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡിന്റെ വലതുഭാഗത്തെ, പഞ്ചായത്ത് വാടകയ്ക്കുനൽകിയ പെട്ടിക്കടകളും ഇടതുഭാഗത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ കൈയേറ്റങ്ങളും ഒഴിപ്പിച്ച് ഇതുവഴിയുള്ള വാഹനയാത്ര സൗകര്യപ്രദമാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃതർ പഞ്ചായത്തധികൃതർക്ക് കത്തുനൽകിയിട്ട് ഇപ്പോൾ രണ്ടുവർഷമായി.
റെയിൽവേസ്റ്റേഷനിലേക്കുള്ള കാൽനടക്കാരും അവിടേക്കുള്ള വാഹനങ്ങളും ഒരുമിച്ച് ഈ റോഡിലൂടെ കടന്നുപോകാൻ ഏറെ പ്രയാസപ്പെടുകയാണ്.പഞ്ചായത്തധികൃതർ ഈ വിഷയത്തിൽ നിശ്ശബ്ദത തുടരുന്നത് പെട്ടിക്കടകൾ പൊളിച്ചുനീക്കേണ്ടിവരുമെന്നതിനാലാണ്. പെട്ടിക്കടകൾ പലതും ലേലത്തിൽ എടുത്തിരിക്കുന്നത് ചില രാഷ്ട്രീയനേതാക്കളുടെ ബിനാമികളാണെന്ന ആരോപണവും ശക്തമാണ്. അതിനാലാണ് പെട്ടിക്കടകൾ നീക്കംചെയ്യാൻ പഞ്ചായത്ത് താത്പര്യമെടുക്കാത്തതെന്ന ആരോപണവുമുണ്ട്.
പഞ്ചായത്തധികൃതർ ഈ വിഷയത്തിൽ തുടരുന്ന മൗനത്തിനെതിരേ പ്രതികരിക്കാൻ ഒരു സംഘടനയും രംഗത്തില്ല.അതുകൊണ്ടുതന്നെയാണ് ഇനി പഞ്ചായത്തിനും ജനങ്ങൾക്കും വേണമെങ്കിൽ റോഡിന്റെ വീതി വർധിപ്പിക്കട്ടെ എന്ന നിലപാട് റെയിൽവേ അധികൃതർ സ്വീകരിച്ചത്.റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡ് പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ്. ഈ റോഡിന്റെ വലതുഭാഗം മുഴുവനും പെട്ടിക്കടകൾ സ്ഥാപിച്ച് അവ ഓരോവർഷവും ലേലംചെയ്തു വിൽക്കുകയാണ് പഞ്ചായത്ത്. അമൃത് ഭാരത് പദ്ധതിപ്രകാരം ഈ റെയിൽവേ സ്റ്റേഷനിൽ ഒട്ടേറെ സൗകര്യങ്ങൾ യാത്രക്കാർക്കായി ഒരുക്കിയിട്ടും അവിടേക്കുള്ള റോഡിന്റെ നിലവിലെ അവസ്ഥ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്.