പൊന്നാനി : നിർമാണം അന്തിമഘട്ടത്തിലായ ദേശീയപാത 66 -ൽ പുതുപൊന്നാനി പഴയപാല ത്തിനോടുചേർന്നുള്ള സമീപനറോഡിന്റെ വിള്ളൽ ഉൾപ്പെടെയുള്ള അപാകങ്ങൾ പരിഹരിച്ച് നിർമാണ കമ്പനിയായ കെഎൻആർസി. റോഡിന്റെ ഗുരുതരമായ വിള്ളൽ ശ്രദ്ധയിൽപ്പെട്ട യുടനെ മുസ്‌ലിംലീഗ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.ഇതേത്തുടർന്ന് എം.പി. അബ്ദുസ്സമദ് സമദാനി എംപിയും വിഷയത്തിൽ ഇടപെടുകയും ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ, ജില്ലാകളക്ടർ എന്നിവരെ നേരിൽ ബന്ധപ്പെടുകയും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയയ്ക്കുകയും ചെയ്തതോടെയാണ്‌ വേഗത്തിൽ അപാകതകൾ പരിഹരിക്കുന്നതിന് നിർമാണകമ്പനി തയ്യാറായത്.വിള്ളലുണ്ടായ ഭാഗത്ത് ടാറൊഴിച്ചു ഓട്ടയടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുസ്‌ലിംലീഗ് പ്രവർത്തകർ നിർമാണം തടഞ്ഞു പ്രതിഷേധിച്ചത്.

വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ ഓഫീസുകൂടി ഇടപെട്ടതോടെ വിള്ളലുണ്ടായ ഭാഗത്ത് നൂറ് മീറ്റർ നീളത്തിൽ മണ്ണ് മാറ്റിയശേഷമാണ് റീടാറിങ്‌ പൂർത്തിയാക്കിയത്.വെളിയങ്കോട് അങ്ങാടിയിലെ മേൽപ്പാലത്തിന്റെ കൈവരിയിലെ കോൺക്രീറ്റ് അടർന്നുവീണതും വീണ്ടും പുനർനിർമിക്കുകയായിരുന്നു. പുതുപൊന്നാനിപ്പാലമിറങ്ങി ചാവക്കാട് ഭാഗത്തേക്കുപോകുന്ന സ്വകാര്യ ബസുകൾക്ക് പഴയകടവിൽ സർവീസ് റോഡിലേക്ക് എക്സിറ്റ് ഇല്ലാത്തതിനാൽ പഴയകടവ്, താവളക്കുളം എന്നിവിടങ്ങളിലുള്ളവർക്ക് ബസ്‌ കയറാൻ ഏറെദൂരം നടന്ന്‌ എസ്‌ഐപ്പടി, വെളിയങ്കോട് അങ്ങാടി എന്നിവയെ ആശ്രയിക്കേണ്ട ദുരവസ്ഥയാണ്.നിലവിൽ ദേശീയപാത പൂർണ സജ്ജമല്ലാത്തതിനാൽ സർവീസ് റോഡിൽനിന്ന് കൈവരി ചാടിക്കടന്നു ദേശീയപാതയിൽനിന്ന് ബസ് കയറുന്നവരുമുണ്ട്.പുതുപൊന്നാനി പാലമിറങ്ങിയ ഉടനെ പഴയകടവിൽ സർവീസ് റോഡിലേക്ക് എക്സിറ്റ് അനുവദിക്കാൻ അധികൃതരുമായി ഇടപെടൽ നടത്തുമെന്ന് മുസ്‌ലിംലീഗ് പൊന്നാനി മണ്ഡലം പ്രസിഡന്റ് പി.പി. യൂസഫലി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *