തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ നിരവധിയാളുകൾക്ക് നീർനായയുടെ കടിയേറ്റതോടെ പുഴയോരങ്ങളിൽ മുന്നറിയിപ്പ് നൽകിത്തുടങ്ങി. കൂട്ടമായും ഒറ്റയ്ക്കുമെത്തുന്ന നീർനായകളെയാണ് കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ കണ്ടുവരുന്നത്. ഇവ അക്രമാസക്തമാകുകയാണ്. പാലത്തിങ്ങൽ ചുഴലി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ മൂന്നിയൂർ ചുഴലിയിലെ കുന്നുമ്മൽ അബ്ദുലത്തീഫിനെ (49) നീർനായ കടിച്ചുപരിക്കേൽപ്പിച്ചു.മുപ്പതിലേറെ മുറിവുകളാണ് ഇദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായത്. പുഴയിൽനിന്ന് നീന്തിക്കയറിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. പിന്നീട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
പലദിവസങ്ങളിലായി മറ്റുപലർക്കും കടലുണ്ടിപ്പുഴയിൽനിന്ന് നീർനായയുടെ കടിയേറ്റിട്ടുണ്ട്. ചൂണ്ടയിടുന്നവർ, തോണിയിൽ യാത്രചെയ്യുന്നവർ, കുളിക്കാനിറങ്ങുന്നവർ തുടങ്ങിയവർക്കാണ് കടിയേൽക്കുന്നത്. പുഴയിലെ ഒഴുക്കിൽ വെള്ളത്തിനു മുകളിലൂടെയും വെള്ളത്തിൽ മുങ്ങിയും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ജീവിയാണ് നീർനായ. കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന സസ്തനിയാണ് നീർനായ. ഇതിന്റെ കടിയേറ്റാൽ എത്രയുംവേഗം ആൻഡി റാബിസ് വാക്‌സിൻ, ഇമ്യൂണോഗ്ലോബിൻ ഇഞ്ചക്‌ഷൻ എടുക്കുകയും മുറിവുകൾ ഉണങ്ങുന്നതിനുള്ള ചികിത്സയും തേടണം.