തിരൂർ: അമ്മയും രണ്ടാനച്ഛനും ചേർന്ന് 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റു. അമ്മയും രണ്ടാനച്ഛനും കുഞ്ഞിനെ വില കൊടുത്തു വാങ്ങിയ യുവതിയും ഇടനിലക്കാരുമടക്കം 5 പേർ അറസ്റ്റിൽ.തിരൂർ ബസ് സ്റ്റാൻഡിനടുത്തുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സേലം കള്ളക്കുറിച്ചി സ്വദേശി കീർത്തന (23), ഭർത്താവെന്നു കരുതുന്ന തമിഴ്നാട് പിള്ളയാർക്കോവിൽ നദക്കരാൽ ശിവ (24) എന്നിവരാണ് കുഞ്ഞിനെ കഴിഞ്ഞ ദിവസം വിറ്റത്. വിവരമറിഞ്ഞ പൊലീസ് കുഞ്ഞിനെ കണ്ടെത്തി.കീർത്തനയുടെ ആദ്യ വിവാഹ ത്തിലുള്ള കുഞ്ഞാണിത്. ആദ്യ ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം 4 മാസത്തി ലേറെയായി കീർത്തന ശിവയോടൊപ്പമായിരുന്നു താമസം.
ഇതിനിടെയാണ് കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശി ആദിലക്ഷ്മി (40) എന്ന യുവതിക്ക് കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റത്. വാടക ക്വാർട്ടേഴ്സിലുള്ള ചിലർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.കീർത്തനയെയും ശിവയെയും ചോദ്യം ചെയ്തതിലൂടെ കുഞ്ഞിനെ വിറ്റെന്നു മനസ്സിലാക്കിയ പൊലീസ് വാങ്ങിയ ആളെക്കുറിച്ചും ഇടനിലക്കാരായി നിന്നവരെ പ്പറ്റിയും അന്വേഷിച്ചു. ആദിലക്ഷ്മിയുടെ ഫോൺ ട്രാക്ക് ചെയ്ത് അവരെ കണ്ടെത്തിയശേഷം കുഞ്ഞിനെയും ആദിലക്ഷ്മിയെയും തിരൂരിലെത്തിച്ചു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുഞ്ഞിനെ വില കൊടുത്തു വാങ്ങിയതാണെന്ന് ആദിലക്ഷ്മി സമ്മതിച്ചു. ഇതോടെ ഇവരെ അറസ്റ്റ് ചെയ്തു. ഇടനിലക്കാരായിനിന്ന സെന്തിൽ കുമാർ (49), പ്രേമലത (45) എന്നിവരും അറസ്റ്റി ലായിട്ടുണ്ട്. ആദിലക്ഷ്മി കീർത്തനയ്ക്കും ശിവയ്ക്കും കൈമാറിയ തുകയും പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയ ശേഷം ശിശുസംരക്ഷണ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിലേക്കു മാറ്റി.