എടപ്പാൾ : തുയ്യം ജിഎൽപി സ്‌കൂളിലെ കുട്ടികൾക്ക് ഭീഷണിയായി നിലനിന്ന ചുറ്റുമതിൽ പുതുക്കിപ്പണിയും. ഗ്രാമപ്പഞ്ചായത്തിടപെട്ട് മതിൽ പുതുക്കിപ്പണിയാനും ഒപ്പം സ്കൂളിൽ ശലഭോദ്യാനവും ഒരുക്കാൻ പദ്ധതി വരുന്നു. സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം തകർന്നു വീണതും ശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിലായതും കഴിഞ്ഞദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
സ്കൂൾ മൈതാനത്തിനകത്ത് മതിലും തെങ്ങുംവീണ് തകർന്ന കോർട്ട് പുനരുദ്ധരിക്കാനും ജൈവ വൈവിധ്യ പാർക്ക്, സൗന്ദര്യവത്കരണം, ഇൻറർലോക്ക് വിരിക്കൽ, കമാന നിർമാണം എന്നിവയെല്ലാമടക്കം 10.5 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുകയെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദയും വൈസ് പ്രസിഡന്റ് കെ. പ്രഭാകരനും പറഞ്ഞു. പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് പ്രവൃത്തികൾ ആരംഭിക്കാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.