എടപ്പാൾ : വട്ടംകുളം-ചേകനൂർ റോഡിൽ മരം കടപുഴകി 11 കെവി വൈദ്യുതി കമ്പിയിലേക്ക് വീണു. വൈദ്യുതി കമ്പിയും തൂണുകളുമടക്കം റോഡിലേക്ക് വീഴാറായി നിന്നതോടെ ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിയും നിലച്ചു.ചേകന്നൂർ അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ പുളിമരമാണ് ബുധനാഴ്ച ഉച്ചയോടെ കടപുഴകി വീണത്. 11 കെവി കമ്പിയിലേക്ക് മരം വീണതോടെ ആ കമ്പികളും താഴെയുണ്ടായിരുന്ന സാധാരണ വൈദ്യുതി ക്കമ്പികളും തൂണുകളുമെല്ലാം നിലംതൊടാതെ മറിഞ്ഞുനിൽക്കുകയാണ്. റോഡിന് കുറുകേ യാണ് ഇവ തൂങ്ങിനിൽക്കുന്നത്.വിവരമറിഞ്ഞ് കെഎസ്ഇബി അധികൃതർ സ്ഥലത്തെ ത്തിയെങ്കിലും സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന് വീണ മരം അവർ മുറിച്ചുമാറ്റാതെ വൈദ്യുതിത്തകരാർ പരിഹരിക്കാനാവില്ലെന്ന് നിലപാടെടുത്തു.
മരം മുറിക്കുമ്പോൾ തൊട്ടപ്പുറത്തുള്ള വീടിന്റെ മതിൽ തകരാനിടയാവുമെന്ന് പറഞ്ഞ് ആ വീട്ടുടമയും രംഗത്തുവന്നു. ഇതോടെ കാര്യങ്ങൾ അനിശ്ചിതത്വത്തിലായി.വട്ടംകുളം പാതയിൽനിന്ന് ചേകന്നൂർ, ആനക്കര, കുമ്പിടി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാനുള്ള വാഹനങ്ങളെല്ലാം വഴിമാറി പോകേണ്ട അവസ്ഥയായി.ഒടുവിൽ സന്ധ്യയോടെ ഗ്രാമ പ്പഞ്ചായത്തംഗം ശ്രീജ പാറക്കൽ, മുൻ അംഗം പി.കെ. രാമചന്ദ്രൻ, പൊതു പ്രവർത്തകരായ കെ. സുബ്രഹ്മണ്യൻ, വി.വി.എം. മുസ്തഫ എന്നിവർ സ്ഥലത്തെത്തി പൊന്നാനി അഗ്നിരക്ഷാസേനയെ വരുത്തി രാത്രിയോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതിത്തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ കാര്യമായി നടക്കാത്തതിനാൽ പ്രദേശം ഇരുട്ടിൽ തുടരുകയാണ്.