ചങ്ങരംകുളം : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മൂക്കുതല ചേമ്പിലത്താഴം പ്രദേശത്ത് വെള്ളം കയറി. ഇവിടെയുള്ള വീടുകളിലേക്കും വെള്ളം കയറിയതോടെ പതിനാറോളം കുടുംബങ്ങളും ദുരിതത്തിലായി.ഇങ്ങോട്ടേക്കുള്ള വഴി പൂർണമായും തടസ്സപ്പെട്ടു. മഠത്തിൽ ദാസന്റെ വീട്ടിൽ വെള്ളം കയറി. അടുത്തുള്ള വീടുകളിലേക്കും വെള്ളമെത്തിത്തുടങ്ങി. ജോലി ആവശ്യങ്ങൾക്കും പഠനാവശ്യങ്ങൾക്കും പ്രദേശത്തുനിന്ന് പുറത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്.പി. ശ്രീരാമകൃഷ്ണന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് റോഡാണ് ഇവിടേക്കുള്ള ഏകവഴി. എന്നാൽ ഇതും വെള്ളത്തിനടിയിലായി. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ധീൻ, വൈസ് പ്രസിഡന്റ് ഒ.പി. പ്രവീൺ, നന്നംമുക്ക് വില്ലേജ് ഓഫീസർ ആർ. ബീനാ റാണി തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.