കുറ്റിപ്പുറം : വായനവാരാചരണത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ 21 വരെ കുറ്റിപ്പുറം എംഇഎസ് കാമ്പസ് സ്കൂളിൽ മാതൃഭൂമി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേളയ്ക്ക് തുടക്കമായി.മേള ഏകപാത്ര നാടകശില്പി ഗോപിനാഥ് പാലഞ്ചേരി ഉദ്ഘാടനംചെയ്തു. ‘ജീവനാണ് വായന’ എന്ന സന്ദേശവുമായി കാമ്പസിലെത്തിയ മാതൃഭൂമിയുടെ മേളയെ വായനയായിരിക്കണം ലഹരി എന്ന സന്ദേശം നൽകുന്ന ‘മരണമൊഴി’ എന്ന തന്റെ ഏകപാത്ര നാടകത്തിലൂടെ ഗോപിനാഥ്പാല ഞ്ചേരി അർഥവത്താക്കി.നാടകത്തിന്റെ 149-ാമത് അവതരണം സമകാലിക വിഷയങ്ങളിലൂടെ കടന്നുചെന്ന് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു. ‘രാ'(ഇരുട്ട്) മായണമെങ്കിൽ വായന വേണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
മാതൃഭൂമി ഉൾപ്പെടെ മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് പുസ്തകോത്സവത്തിൽ ഒരുക്കിയിരിക്കുന്നത്.പ്രിൻസിപ്പൽ സുനിത നായർ, വൈസ് പ്രിൻസിപ്പൽ കെ.എം. ബിന്ദു, അധ്യാപകരായ ജി. ജ്യോതി, ഹസ്‌നത്ത് അസൈനാർ, കെ. സ്മിത, പി.വി. പ്രീതി, എ.ജെ. ജിൻസി, എ. സറീന എന്നിവർ സംബന്ധിച്ചു.ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെയാണ് പുസ്തകമേള. 21-ന് സമാപിക്കും. വിവരങ്ങൾക്ക്: 8590604931.