കുറ്റിപ്പുറം : ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിർമിച്ച പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ 26-ന് സ്ഥാപിക്കും. 26- ന് രാത്രി 10 മുതൽ 11.30 വരെയും 11.30- മുതൽ 27-ന് പുലർച്ചെ 2.15- വരെയുമായി രണ്ട് സമയങ്ങളിലായാണ് ഗർഡർ സ്ഥാപിക്കുക.രണ്ട് ഭാഗങ്ങളായി മൂന്ന് മണിക്കൂർ 45 മിനിറ്റ്‌ സമയമാണ് ഗർഡർ സ്ഥാപിക്കാൻ റെയിൽവേ, കരാർ കമ്പനിയായ കെഎൻആർഎൽസിഎല്ലിന് അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് മൂന്ന് തീവണ്ടികളാണ് ഇതുവഴി കടന്നുപോകുന്നത്. 16630 മാവേലി എക്സ്പ്രസ്, 22637 വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, 19259 തിരുവനന്തപുരം നോർത്ത്- ഭാവ്നഗർ എക്സ്പ്രസ് എന്നിവ. ഇതിൽ തിരുവനന്തപുരം നോർത്ത്- ഭാവ്നഗർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ല.

മറ്റു രണ്ട് തീവണ്ടികളായ മാവേലി എക്സ്‌പ്രസ് 125 മിനിറ്റ്‌ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് 105 മിനിറ്റും യാത്രക്കിടയിൽ പിടിച്ചിടും. ഒരാഴ്ച മുൻപാണ് റെയിൽവേ പാലക്കാട് ഡിവിഷൻ സീനിയർ കോഡിനേഷൻ എൻജിനീയർ ഇസ്‌ലാമിന്റെ നേതൃത്വത്തിൽ ഗർഡറിന്റെ അവസാനവട്ട സുരക്ഷാപരിശോധന നടന്നത്.നേരത്തേ ജനുവരി 25 -ന് ആയിരുന്നു കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നത്. എന്നാൽ നിർമാണം ആ കാലയളവിൽ പൂർത്തിയായില്ല. നിർമാണം ഏറെക്കൂറെ പൂർത്തിയായതിനെത്തുടർന്ന് പിന്നീട് മേയ് അഞ്ചിന് സ്ഥാപിക്കാൻ സൗകര്യം ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് കരാർ കമ്പനി അപേക്ഷ നൽകിയിരുന്നു.

എന്നാൽ റെയിൽവേയുടെ വിവിധ വിഭാഗങ്ങളുടെ സുരക്ഷാപരിശോധന പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടതോടെ അതും നടന്നിരുന്നില്ല. നിർമാണം പൂർത്തിയായ കോമ്പോസിറ്റ് ഗർഡർ ആധുനിക രീതിയിലുള്ള ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് ഗർഡർ സ്ഥാപിക്കുന്ന ഭാഗത്തേക്ക് നീക്കുന്ന പ്രവൃത്തി നേരത്തേ പൂർത്തിയായതാണ്. ഗർഡറിന്റെ മുകൾഭാഗത്ത് കോൺക്രീറ്റ് ചെയ്യുന്നത് ഗർഡർ സ്ഥാപിച്ചതിനുശേഷം നടക്കും. കോമ്പോസിറ്റ് ഗർഡറിന് 63.7 മീറ്റർ നീളവും 16 മീറ്റർ വീതിയുമാണ് ഉള്ളത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *