തിരുനാവായ : ഏഴു പതിറ്റാണ്ടോളം തിരുനാവായ ദേവസ്വത്തിൽ നാവാമുകുന്ദനെ പള്ളി ഉണർത്തിയ വാദ്യകലാകാരൻ തിരുനാവായ ശങ്കരമാരാർക്ക് വിട. വെള്ളിയാഴ്ച പുലർച്ചെ യോടെയായിരുന്നു അന്ത്യം. ഏഴു വയസ്സുമുതൽ അച്ഛൻ കുന്നനാത്ത് പൊതുവാട്ടിൽ ശങ്കര പ്പൊതുവാളിൽനിന്ന് വാദ്യപ്രവൃത്തി നടത്തുകയും നാവാമുകുന്ദ ദേവസ്വത്തിൽ പാരമ്പര്യമായി ലഭിച്ച ജീവനക്കാരനാകുകയുമായിരുന്നു. ചെണ്ടവാദ്യമേളത്തിലും തായമ്പക, സോപാന സംഗീതം, അഷ്ടപദി എന്നിവയിലും തന്റേതായ രീതിയിൽ ആസ്വാദക മനംകവരാൻ ശങ്കരമാരാർക്കായി. പ്രശസ്തമായ പല പരിപാടികളിലും അഷ്ടപദി അവതരിപ്പിച്ചിട്ടുണ്ട്.
മാരാർക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ ജനാർദ്ദനൻ നെടുങ്ങാടി പുരസ്കാരം, കോഴിക്കോട് സാമൂതിരിരാജാ സുവർണ്ണമുദ്ര പുരസ്കാരം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വം ഞെരളത്ത് രാമപ്പൊതുവാൾ പുരസ്കാരം, ഗുരുവായൂർ ദേവസ്വം സോപാനസംഗീത പുരസ്കാരം, കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ വാദ്യശ്രീ പുരസ്കാരം, സോപാനസംഗീത സഭയുടെ പ്രഥമ സോപാനസംഗീത പുരസ്കാരം തുടങ്ങിയവ ഇതിൽപ്പെടുന്നു.
വാദ്യകുലപതിയും സോപാനസംഗീതഞ്ജനും ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. ജില്ലയിലും പുറത്തുമായി വിവിധ ക്ഷേത്രങ്ങളിൽ വാദ്യപ്രവൃത്തിക്ക് കാർമികത്വം വഹിച്ചിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങളും മാരാർക്കുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ വാദ്യമേള കലാകരന്മാരായവരും കൂട്ടത്തിലുണ്ട്. വാദ്യരംഗത്തെ തിരുനാവായയുടെ ശബ്ദമാണ് മാരാരിലൂടെ നഷ്ടമായത്. മരണ വിവരമറിഞ്ഞ് ശിഷ്യർ, വിവിധ രാഷ്ട്രീയ, സാംസ്കാരിക സാമൂഹിക പ്രവർത്തകർ, ദേവസ്വം ജീവനക്കാർ, എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.