തിരുനാവായ : റോഡ് വെട്ടിപ്പൊളിച്ചതോടെ യാത്രാദുരിതത്തിലായി ആതവനാട്ടുകാർ. ആദ്യം റോഡ് പൊളിച്ചത് ജൽ ജീവൻ പദ്ധതിക്കുവേണ്ടി. ഇപ്പോൾ കെഎസ്ഇബിക്ക് പൈപ്പിടാനും. ആതവനാട് കാട്ടിലങ്ങാടി അത്താണിക്കൽ മുതൽ പരിതി വരെയാണ് ഒരുഭാഗം പൂർണമായും തകർന്നുകിടക്കുന്നത്. കെഎസ്ഇബിയുടെ പദ്ധതിക്കായി ചാലുകീറി പൈപ്പിട്ട് മണ്ണുമൂടി മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള നടപടി ഇഴയുകയാണ്. വെട്ടി പ്പൊളിച്ച റോഡുകളെല്ലാം ഗർത്തമായി മാറിയ അവസ്ഥയും.
ആതവനാട് കാട്ടിലങ്ങാടി യത്തീംഖാന നഗർ മുതൽ ആതവനാട് പരിതി വരെയാണ് വെട്ടി പ്പൊളിച്ച് റോഡ് മൂടാതെയിട്ടിരിക്കുന്നത്. ഇതിനിടയിൽ അത്താണിക്കൽ ഇറക്കത്തിൽ ജൽ ജീവൻ മിഷൻ പൊളിച്ച ഭാഗത്ത് കരിങ്കൽചീളുകൾ പാകിപ്പോയി. ശക്തമായ മഴയിൽ കരിങ്കൽ ചീളുകൾ ഒലിച്ച് റോഡിൽ പരന്നുകിടക്കുകയാണ്. ഇതോടെ വാഹനങ്ങൾ അപകട ത്തിലാകുക യും ചെയ്യുന്നു. സ്കൂൾ കുട്ടികളടക്കം നടന്നുപോകുന്ന റോഡിൽ വലിയ ഗർത്തങ്ങളും കല്ലുകളും രൂപപ്പെട്ടു. കാൽനടപോലും ദുസ്സഹമായ സ്ഥിതിയിലാണ്. അത്താണി ഇറക്കത്തിലെ വീടുകളുടെ മതിലിനും കേടുപാടുണ്ടാക്കുന്നു.
പ്രധാന പാതയായ പട്ടർനടക്കാവ്-കഞ്ഞിപ്പുര റോഡിൽ കാവുങ്ങലിൽ റോഡിന്റെ നടുവിലാണ് കെഎസ്ഇബിക്കുവേണ്ടി കീറിയ ചാലിൽ പൈപ്പ് പൊന്തിനിൽക്കുന്നത്. ഇത് അപകടമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കുഴിയിൽ വീണ് ബൈക്ക് യാത്രികർക്ക് പരിക്കേറ്റിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ആശ്രയിക്കുന്ന ഒരു പ്രധാന പാത കൂടിയാണിത്.
നിരവധി സ്കൂൾ വാഹനങ്ങളും ഈ റോഡിലുടെ കടന്നുപോകുന്നുണ്ട്. മഴ ശക്തമായതോടെ ചാലിലെ മണ്ണ് താഴ്ന്നിറങ്ങിയും ഒലിച്ചിറങ്ങിയും യാത്ര ദുഷ്‌കരമായി. പൊതുവെ വീതി കുറഞ്ഞ റോഡായതിനാൽ ഒരു വാഹനം വന്നാൽ കാൽനടക്കാർ ചെളി മൂടിയ ചാലിലേക്ക് ഇറങ്ങി നിൽക്കേണ്ട ഗതികേടിലാണ്. കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചതിനുശേഷം റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.