കുറ്റിപ്പുറം : ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിർമിച്ച പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ 26-ന് രാത്രി സ്ഥാപിക്കും.രാത്രി 10 മുതൽ 11.30 വരെയും 11.30 മുതൽ 27-ന് പുലർച്ചെ 2.15 വരെയുമായി രണ്ടു ഭാഗങ്ങളായി മൂന്നു മണിക്കൂർ 45 മിനിറ്റ് സമയമാണ് ഗർഡർ സ്ഥാപിക്കാൻ റെയിൽവേ കരാർ കമ്പനിയായ കെഎൻആർ എൽസിക്ക് അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് ഇതുവഴി കടന്നുപോകുന്നത് 16630 മാവേലി എക്സ്പ്രസ്, 22637 വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, 19259 തിരുവനന്തപുരം നോർത്ത്-ഭാവ്നഗർ എക്സ്പ്രസ് എന്നീ തീവണ്ടികളാണ്. ഇതിൽ തിരുവനന്തപുരം നോർത്ത്-ഭാവ്നഗർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ല.മറ്റു രണ്ടു തീവണ്ടികളായ മാവേലി എക്സ്പ്രസ് 125 മിനിറ്റും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 105 മിനിറ്റും യാത്രക്കിടയിൽ പിടിച്ചിടും. കോമ്പോസിറ്റ് ഗർഡറിന് 63.7 മീറ്റർ നീളവും 16 മീറ്റർ വീതിയുമാണു ള്ളത്.
നിലവിലെ റെയിൽപ്പാതയ്ക്ക് മുകളിൽ ഏഴ് മീറ്റർ ഉയരത്തിലാണ് കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുക. നിർമാണം പൂർത്തിയായ കോമ്പോസിറ്റ് ഗർഡർ റെയിൽവേയുടെ കീഴിലുള്ള ലഖ്‌നൗവിലെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) വിഭാഗവും റെയിൽവേയുടെ ചെന്നൈ ആർക്കോണത്തുള്ള സുരക്ഷാവിഭാഗവും പരിശോധന നടത്തിയതിനുശേഷം അവസാനവട്ട പരിശോധന രണ്ടാഴ്ച മുൻപ് റെയിൽവേ പാലക്കാട് ഡിവിഷൻ സീനിയർ കോഡിനേഷൻ എൻജിനീയറുടെ നേതൃത്വത്തിലാണ് നടന്നത്.നേരത്തേ ജനുവരി 25-നായിരുന്നു കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നത്. നിർമാണം പൂർത്തിയാകാത്തതിനാൽ പിന്നീട് മേയ് അഞ്ചിന് സ്ഥാപിക്കാൻ സൗകര്യം ഒരുക്കണ മെന്ന് അഭ്യർത്ഥിച്ച് കരാർ കമ്പനിയായ കെഎൻആർഎൽസി റെയിൽവേ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ റെയിൽവേയുടെ വിവിധ വിഭാഗങ്ങളുടെ സുരക്ഷാ പരി ശോധന പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടതോടെയാണ് സ്ഥാപിക്കൽ ജൂൺ 26-ലേക്ക് മാറുന്നത്.