താനൂർ : താനൂർ നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ പി. സീതിഹാജി സ്‌മാരക സാംസ്‌കാരികനിലയത്തിന് ആധുനികസംവിധാനത്തോടെ കെട്ടിടസമുച്ചയം നിർമിക്കുന്നു. കുട്ടി അഹമ്മദ്കുട്ടി താനൂർ പഞ്ചായത്ത് പ്രസിഡൻറായിരുന്നപ്പോൾ വാഴക്കതെരു അങ്ങാടി പാലത്തിനു സമീപത്ത് 1989-ൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വി.ജെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്ത പി. സീതിഹാജി സ്‌മാരക സാംസ്‌കാരികനിലയമാണ് നഗരസഭ പുനർനിർമിക്കുന്നത്. വിപുലമായ ഗ്രന്ഥാലയം, റീഡിങ് റൂം, കോൺഫറൻസ് ഹാൾ എന്നിവയടങ്ങിയ കെട്ടിടം നഗരസഭാ പദ്ധതി ഫണ്ട് വിനിയോഗിച്ചാണ് നിർമിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ റഷീദ് മോര്യ പറഞ്ഞു.