പൊന്നാനി : പൊന്നാനി അങ്ങാടിയിൽ പഴയ കെട്ടിടം തകർന്നു വീണു. ആളപായം ഇല്ല. അങ്ങാടിയിലെ ജീർണിച്ച കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിൽ കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതും മുൻവശത്തെ റോഡിൽ ആളുകൾ ഇല്ലാത്തതും വൻ അപകടം ഒഴിവാക്കി. പൊന്നാനി അങ്ങാടി വികസനം എങ്ങുമെത്താതെ പോവുകയാണ്. പല കെട്ടിടങ്ങളും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്ന അവസ്ഥയിലാണുള്ളത്. പൊന്നാനി അങ്ങാടി യിലെ പല കെട്ടിടങ്ങൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. ചിലതെല്ലാം അറ്റകുറ്റപ്പണി നടത്തി വീണ്ടും പ്രവർത്തനം തുടരുകയാണ്. വീതിക്കുറവുകൊണ്ട് അങ്ങാടി നേരിടുന്ന പ്രയാസം ഏറെയാണ്. ബസും ലോറിയും കടന്നുപോകുമ്പോൾ എതിരേ വരുന്ന വാഹനങ്ങൾ പാലത്തിൽനിന്ന് മാറ്റണം. പൊന്നാനിയുടെ ഹൃദയഭാഗമായ കോടതിപടിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും നഗരസഭ ഓഫീസിലേക്കുമടക്കം ദിവസേന ഒട്ടനവധി പേർ ഈ വഴിയാണ് യാത്ര ചെയ്യുന്നത്.