തിരൂരങ്ങാടി : ജില്ലാ പൈതൃക മ്യൂസിയമായ ഹജൂർ കച്ചേരി സന്ദർശിക്കാൻ ഫീസ് ഏർപ്പെടുത്തി.  കുട്ടികൾക്കും മുതിർന്നവർക്കും ഫീസ് ഉണ്ട്.  മൊബൈൽ, ക്യാമറ എന്നിവ ഉപയോഗിക്കുന്നതിനും ഫീസ് അടയ്ക്കണം. മ്യൂസിയം ഡയറക്ടറുടെ ഉത്തരവിനെ തുടർന്നാണ് ഫീസ് ഏർപ്പെടുത്തിയതെന്ന് പൈതൃക മ്യൂസിയം ചുമതലയുള്ളവർ പറഞ്ഞു. രണ്ടാഴ്ച മുൻപാണ് ഓർഡർ ഇറങ്ങിയത്. ഇതേ തുടർന്ന് ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്.കുട്ടികൾക്ക് 5, മുതിർന്ന വർക്ക് 20, മുതിർന്ന വിദേശികൾക്ക് 200, വിദേശികളായ കുട്ടികൾക്ക് 50, എന്നിങ്ങനെയാണ് ചാർജ്. കൂടാതെ മൊബൈൽ ക്യാമറയിൽ പകർത്തുന്നുണ്ടെങ്കിൽ 10 രൂപ ഫീസടക്കണം. ക്യാമറയിൽ വിഡിയോ, ഫോട്ടോ എടുക്കുന്നതിന് 100 രൂപയാണ് ചാർജ്. ഫീച്ചർ ഫിലിമിന് 25000 രൂപ ഫീസും 25000 രൂപ സെക്യൂരിറ്റി തുകയും അടയ്ക്കണം.  ടെലിഫിലിമിന് ഇത് 10000 വീതമാണ്. പ്രഫഷനൽ ഫോട്ടോ, വിഡിയോ ഷൂട്ട് ചെയ്യുന്നതിന് മണിക്കൂറിന് 250 രൂപയുമാണ് ഫീസ്.

13 വയസ്സ് വരെയുള്ളവരെയാണ് കുട്ടികളിൽ ഉൾപ്പെടുത്തുക. 14 വയസ്സിന് മുകളിലുള്ള വരെല്ലാം മുതിർന്നവരിലാണ് ഉൾപ്പെടുക. ഹജൂർ കച്ചേരിയിൽ കൂടുതൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളാണ് വന്നിരുന്നത്. ഫീസ് ഏർപ്പെടുത്തിയതോടെ വന്നവർ മടങ്ങിപ്പോകുകയാണ്. നേരത്തെ ദിവസം 300 പേർ വരെ സന്ദർശിച്ച ദിവസങ്ങളുണ്ട്. ഇപ്പോൾ 20 മുതൽ 25 വരെ ആളുകളാണ് വരുന്നത്. ഫീസ് ഏർപ്പെടുത്തിയതോടെയാണ് ആളുകളുടെ എണ്ണം കുറഞ്ഞത്. സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും സംഘമായാണ് വന്നിരുന്നത്. മ്യൂസിയത്തിൽ കൂടുതൽ ചരിത്ര ശേഷിപ്പുകൾ എത്തിക്കുന്നതിന് മുൻപേ ഫീസ് ഏർപ്പെടു ത്തിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 2023 ഒക്ടോബറിലാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *