തിരൂർ : ജീവിതയാത്രയിൽ വീണുപോയ മനുഷ്യരെ കൈപിടിച്ചുയർത്താനും വിവിധ വൈകല്യങ്ങൾകൊണ്ട് ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസമേകാനും ഇതാ ഒരിടം. ജീവകാരുണ്യ പ്രവർത്തനരംഗത്ത് കാൽനൂറ്റാണ്ടായുള്ള കല്പകഞ്ചേരിയിലെ ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിനുകീഴിൽ ആരംഭിക്കുന്ന എ.പി. അസ്‌ലം റിഹാബിലിറ്റേഷൻ സെന്റർ വ്യാഴാഴ്ച നാടിന് സമർപ്പിക്കും.കല്പകഞ്ചേരി മേലങ്ങാടിയിൽ എ.പി. അസ്‌ലമിന്റെ കുടുംബം സൗജന്യമായി നൽകിയ ഒരേക്കറിലാണ് സെന്റർ. കല്പകഞ്ചേരി, വളവന്നൂർ, ചെറിയമുണ്ടം. ആതവനാട്, മാറാക്കര പഞ്ചാത്തുകളിലേയും സമീപപ്രദേശങ്ങളിലെയും കിടപ്പുരോഗികളെ കണ്ടെത്തി സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സനൽകുന്ന സംവിധാനം ട്രസ്റ്റിന് കീഴിൽ 2017 മുതൽ പ്രവർത്തിക്കുന്നുണ്ട്.
അത്യാധുനിക സജ്ജീകരണങ്ങളോടെയും വിദഗ്ധരായ ടെക്നീഷ്യന്മാരുടെ മേൽനോട്ടത്തിലും ന്യൂറോ റിഹാബ് സെന്റററായി മാറ്റിയാണ് പുതിയ സെന്റർ ആരംഭിക്കുന്നത്. സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ചൈൽഡ് സൈക്കോളജി എന്നീ ചികിത്സകൾ കൂടി ലഭ്യമാക്കും.അശരണരെ സഹായിക്കാനായി ബഹുമുഖ പദ്ധതികൾ ട്രസ്റ്റ് തണൽ എന്ന പദ്ധതിയിലൂടെ നടപ്പാക്കി വരുന്നുണ്ട്. പലിശരഹിത വായ്പാനിധിയുമുണ്ട്. മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസരംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്ന ആനപ്പടിക്കൽ മൊയ്തീൻകുട്ടി മാസ്റ്ററുടെ കുടുംബമാണ് ട്രസ്റ്റ് നയിക്കുന്നത്. എ.പി. അബ്ദുസ്സമദ് (ചെയ.), എ.പി. ഷംസുദ്ദീൻ മുഹിയിദ്ദീൻ, മുഹമ്മദ് അബ്ദുറഹ്‌മാൻ, എ.പി. ആസാദ്, ഡോ. അൻവർ അമീൻ, എ.പി. നബീൽ, റാഷിദ് അസ്‍ലം, മുഹമ്മദ് അസ്‍ലം എന്നിവരാണ് ഭാരവാഹികൾ.
അന്തരിച്ച എ.പി. അസ്‌ലം 1998-ൽ കടുങ്ങാത്തുകുണ്ട് അൻസാർ കാമ്പസിൽ ദാറുൽ അൻസാർ എന്ന പേരിൽ ആരംഭിച്ചതാണ് കേന്ദ്രം.വ്യാഴാഴ്ച വൈകീട്ട് നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേന്ദ്രം നാടിനു സമർപ്പിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കുറുക്കോളി മൊയ്തീൻ എംഎൽഎ, കളക്ടർ വി.ആർ. വിനോദ്, ഡിഎംഒ ഡോ. ആർ രേണുക, ഐഎംബി സംസ്ഥാന പ്രസിഡന്റ് ഡോ. കബീർ, വടകര തണൽ പ്രസിഡന്റ് ഡോ. ഇദ്രീസ്, ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ സമീർ മച്ചിങ്ങൽ, കല്പകഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി. വഹീദ എന്നിവർ പങ്കെടുക്കും.