എരമംഗലം : മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന കുണ്ടുകടവ് പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. പുതിയ പാലത്തിന്റെ അവസാന ഘട്ട മിനുക്കുപണികൾ നടക്കുന്നതിനിടെയാണ് പാലം തുറന്നുകൊടുത്തത്.പുതിയ പാല ത്തിന്റെ സെന്റർ പൈലിങ് കാപ്പുകളുടെ നിർമാണം, പെയിന്റിങ് ഉൾപ്പെടെയുള്ള നിർമാണം നടത്തണമെങ്കിൽ പഴയ പാലം പൊളിച്ചുനീക്കണം. പഴയ പാലം പൊളിച്ചുനീക്കിയാൽ ഗതാഗത ത്തിന് പുതിയ പാലം തന്നെയാണ് ആശ്രയം.
ഇതോടെയാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുണ്ടുകടവ് പുതിയ പാലം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന എന്നിവരുടെ സാന്നിധ്യത്തിൽ തുറന്നത്.താത്‌കാലിക ടാറിങ് നടത്തിയാണ് പാലം തുറന്നത്. പഴയ പാലം പൊളിച്ചുനീക്കിയശേഷം മഴ നീങ്ങുന്നതോടെ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. പാലത്തിന്റെ നടുഭാഗത്തെ സ്പാനിനോട് ചേർന്ന് ആറു പൈലുകളാണ് നടത്തുക. മഴക്കാലം കഴിഞ്ഞാൽ പ്രവൃത്തികൾ പൂർണമായും പൂർത്തീകരിക്കും.
ജൂൺ 10-ന് പാലം തുറക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും മഴയെത്തുടർന്ന് മാറ്റിവെക്കു കയായിരുന്നു. 227 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുന്നത്. 29.3 കോടി രൂപ ചെല വിട്ടാണ് നിർമാണം.നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും. ഏഴര മീറ്റർ ഗതാഗതത്തിനും ഒന്നര മീറ്റർ വീതം വീതിയിലുള്ള നടപ്പാതകൾ ഇരുഭാഗത്തുമുണ്ട്.210 മീറ്ററാണ് ഇരുവശത്തേക്കു മായി അപ്രോച്ച് റോഡിന്റെ നീളം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.