എരമംഗലം : വെളിയങ്കോട് പഞ്ചായത്തിലെ തീരദേശമേഖലയിൽ മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയിൽ കഴിയുമ്പോഴും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണ് വെളിയങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം. ദിവസവും രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കേണ്ട വെളിയങ്കോട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പലപ്പോഴും ഒപി പരിശോധന തുടങ്ങാൻ 9.30 കഴിയും.

മിക്ക ദിവസങ്ങളിലും വൈകീട്ട് അഞ്ചോടെ ആരോഗ്യകേന്ദ്രത്തിന്റെ ഗേറ്റ് പൂട്ടിയിരിക്കും. ഒപിയിൽ എത്തുന്നവരുടെ പരിശോധന മിനിറ്റുകൾകൊണ്ട് കഴിയുമെങ്കിലും മരുന്ന് വാങ്ങാൻ മണിക്കൂറുകൾ കാത്തുനിൽക്കണം. കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുമായി അടുത്ത  ബന്ധം പുലർത്തുന്നവരാണെങ്കിൽ മിനിറ്റുകൾകൊണ്ട് മരുന്ന് ലഭിക്കുന്ന അവസ്ഥയാണ്. പനി ബാധിച്ചും മറ്റുമായി ആശുപത്രിയിൽ ചികിത്സ തേടുന്ന സാധാരണക്കാരന്റെ അവസ്ഥ അതിദയനീയമാണ്.

മണിക്കൂറുകൾ കാത്തിരുന്നാലും ഡോക്ടർ കുറിച്ചുനൽകിയതിൽ പകുതിയും സ്റ്റോക്കില്ലെന്ന് പറഞ്ഞ്‌ പുറത്തുനിന്ന് സ്വകാര്യ മരുന്നുകടകളെ ആശ്രയിക്കണം. നേരത്തെ മരുന്ന് വാങ്ങാൻ കൗണ്ടർ ഉണ്ടായിരുന്നെങ്കിലും അവിടെ ചോർച്ചയുള്ളതിനാൽ മരുന്ന് സ്റ്റോറിന്റെ വാതിൽക്കൽ കാത്തുനിന്ന് വാങ്ങണം. ആരോഗ്യകേന്ദ്രത്തിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ രണ്ടു ഡോക്ടറുടെയും ഉച്ചയ്ക്ക് 12 മുതൽ ആറുവരെ ഒരു ഡോക്ടറുടെയും സേവനം ഒപിയിൽ ലഭ്യമാകണം.

എന്നാൽ ഒപി പരിശോധനയിൽ സമയക്രമം പാലിക്കുന്നില്ലെന്ന ആക്ഷേപമാണ് ഇവിടെ യെത്തുന്ന രോഗികൾക്കുള്ളത്.കഴിഞ്ഞദിവസം കാലിലെ മുറിവ് കെട്ടാനെത്തിയ രോഗിക്ക് മരുന്നില്ലെന്നു പറഞ്ഞ് മരുന്നുവെക്കാതെ തുണികൊണ്ട് മുറിവ് കെട്ടിക്കൊടുത്തു പറഞ്ഞയക്കു കയായിരുന്നു. മഴയിൽ ജലജന്യരോഗങ്ങൾ പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് പൊതുജന ങ്ങൾക്ക് ബോധവത്‌കരണം നൽകുമ്പോഴും വെളിയങ്കോട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പലയിടത്തും ചെറിയ വെള്ളക്കെട്ടുകളും പുല്ലുകൾ കട്ടകൂടിയും കൊതുകിന്റെ പ്രജനനത്തിന് വഴിയൊരുക്കിക്കൊടുക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി വെളിയങ്കോട് പഞ്ചായത്ത് ഒന്നാം വാർഡിൽ മരിച്ച യുവാവിനും പതിനേഴാം വാർഡിൽ മരിച്ച വീട്ടമ്മയ്ക്കും എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ യുവാവിന് മഞ്ഞപ്പിത്തവും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. ഇത്തരം പകർച്ച വ്യാധി ആശങ്കയിലും സമയത്തിന് ചികിത്സ ലഭ്യമാക്കാൻ വെളിയങ്കോട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് സാധിക്കുന്നില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *