കുറ്റിപ്പുറം : ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്തു നിർമിച്ച പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കൽ നടപടികൾ വ്യാഴാഴ്ച അർധരാത്രിയോടെ തുടങ്ങിയെങ്കിലും വൈകാതെ നിർത്തി.രാത്രി 10 മുതൽ 11.30 വരെയും 11.30 മുതൽ വെള്ളിയാഴ്ച പുലർച്ചെ 2.15-വരെയുമായി രണ്ട് ഭാഗങ്ങളായി മൂന്നു മണിക്കൂർ 45 മിനിറ്റാണ് ഗർഡർ സ്ഥാപിക്കാൻ റെയിൽവേ കരാർ കമ്പനിയായ കെഎൻ ആർഎൽസിക്ക് അനുവദി ച്ചിരുന്നത്.

‍നിശ്ചിതസമയത്തുതന്നെ ഗർഡർ സ്ഥാപിക്കുന്ന പണിതുടങ്ങി. ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് വലിക്കുന്നതിനിടയിൽ സപ്പോർട്ടിങ് പ്ളേറ്റുകൾക്ക് തകരാറുണ്ടായതിനാൽ ജോലികൾ തടസ്സപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 12 വരെ 10 മീറ്ററോളം മാത്രമാണ് ഗർഡർ മുന്നോട്ട് നീങ്ങിയത്. അതോടെ തത്കാലം ശ്രമം അവസാനിപ്പിച്ചു. റെയിൽവേ പാലക്കാട് ഡിവിഷനിലെ ഉയർന്ന ഉദ്യോഗസ്ഥരും കരാർ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തു.

ഗർഡർ ഇങ്ങനെ

റെയിൽവേ മേൽപ്പാലത്തിന്റെ റെയിൽപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിക്കുന്ന ‘റ’ ആകൃതിയിലുള്ളതാണ് കോമ്പോസിറ്റ് ഗർഡർ. കോമ്പോസിറ്റ് ഗർഡറിന് 63.7 മീറ്റർ നീളവും 16 മീറ്റർ വീതിയുമാണ് ഉള്ളത്. നിലവിലെ റെയിൽപ്പാതയ്ക്കു മുകളിൽ ഏഴു മീറ്റർ ഉയരത്തിലാണ് ഗർഡർ സ്ഥാപിക്കുക. കോമ്പോസിറ്റ് ഗർഡർ റെയിൽവേയുടെ കീഴിലുള്ള ലക്നൗവിലെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) വിഭാഗവും റെയിൽവേയുടെ ചെന്നൈ ആർക്കോണത്തുള്ള സുരക്ഷാ വിഭാഗവും പരിശോധന നടത്തിയതിനു ശേഷം അവസാനവട്ട പരിശോധന മൂന്നാഴ്ചമുൻപ് ആണ് നടന്നത്.

ഗർഡർ സ്ഥാപിച്ചു കഴിഞ്ഞശേഷമേ മുകൾഭാഗത്ത് കോൺക്രീറ്റ് ചെയ്യൂ. സ്റ്റീലും കോൺക്രീറ്റും സമ്മിശ്രമായി ഉപയോഗിച്ചാണ് കോമ്പോസിറ്റ് ഗർഡർ നിർമിച്ചിരിക്കുന്നത്.കോമ്പോസിറ്റ് ഗർഡറിന്റെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗമാണ് കോൺക്രീറ്റിൽ നിർമിച്ചിരിക്കുന്നത്. ബാക്കി ഭാഗങ്ങളെല്ലാം സ്റ്റീലിൽ ആണ് നിർമിച്ചിരിക്കുന്നത്. കോമ്പോസിറ്റ് ഗർഡർ സ്ഥാപിച്ച ഭാഗത്തുമാത്രം മൂന്നുവരിപ്പാതയാണുള്ളത്.ഈ സമയങ്ങളിൽ ഇതുവഴി കടന്നു പോകുന്നത് 16630 മാവേലി എക്സ് പ്രസ്, 22637 വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, 19259 തിരുവനന്തപുരം നോർത്ത്- ഭാവ്നഗർ എക്സ്പ്രസ് എന്നീ തീവണ്ടികളായിരുന്നു. മാവേലി എക്സ് പ്രസ് 125 മിനുട്ടും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 105 മിനുട്ടും യാത്രക്കിടയിൽ പിടിച്ചിട്ടിരുന്നു.

തിരുവനന്തപുരം നോർത്ത്- ഭാവ്നഗർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ല.സമീപത്തെ റോഡിൽ വാഹന ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ വളാഞ്ചേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പോലീസ് ഇടവേളകളിട്ടാണ് നിലവിലെ റെയിൽവേ മേൽപ്പാലം വഴി കടത്തി വിട്ടിരുന്നത്.മിനി പമ്പ വഴി വരുന്ന വാഹനങ്ങളെല്ലാം ഹൈവേ ജങ്ഷൻ വഴി തിരൂർ റോഡിലൂടേയാണ് കടത്തി വിട്ടത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *