എടപ്പാൾ : മേൽപ്പാലം ഉദ്ഘാടനംകഴിഞ്ഞ കാലംമുതൽ ഗ്രാമപ്പഞ്ചായത്തധികൃതർ പോലു മറിയാതെ നടന്നു വന്ന നഴ്സറിയെച്ചൊല്ലി വിവാദം. പാലത്തിനടിയിൽ തൃശ്ശൂർ റോഡിൽ ശൗചാലയത്തോടു ചേർന്ന് നടന്നുവന്ന നഴ്സറി രണ്ടു ദിവസം മുൻപ് സാധനങ്ങൾ ഒഴിവാക്കി നവീകരിക്കാൻ ശ്രമം നടന്നിരുന്നു.എന്നാൽ, അസൗകര്യം മൂലം പ്രയാസപ്പെടുന്ന ടൗണിൽ പാലത്തിനടിയിലെ ഇത്രയധികം സ്ഥലം പഞ്ചായത്തു പോലും അറിയാതെ നടന്ന കച്ചവടം ഇനി അവിടെ അനുവദിക്കില്ലെന്ന നിലപാടുമായി വ്യാപാരികൾ രംഗത്തെത്തിയതോടെയാണ് സംഭവം വീണ്ടും വിവാദമായത്. കച്ചവടമാരംഭിച്ച കാലത്തു തന്നെ ഇതിനെതിരേ പ്രതിഷേധമുയർന്നിരുന്നു.
എംഎൽഎയുടെയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും സമ്മതത്തോടെയാണ് കച്ചവടം നടത്തുന്നതെന്നായിരുന്നു അന്ന് കച്ചവടത്തെ അനുകൂലിച്ചവർ പറഞ്ഞത്. ഇവിടെയുള്ള ശൗചാലയത്തിന്റെ നടത്തിപ്പിനു വേണ്ടിയാണ് ഇവർക്കിത് നൽകിയതെന്നും പറയുന്നു. തൃശ്ശൂർ റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാതിരിക്കുമ്പോഴാണ് ഇത്രയുംസ്ഥലം കച്ചവടത്തിനായി നൽകിയതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും നേതാക്കളായ ഇ. പ്രകാശും എൻ. ആർ. അനീഷും പറയുന്നു.
പാലത്തിനടിയിലൂടെ കാൽനടയാത്രക്കാർക്കു പോലും അപ്പുറം കടക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതാണ് പാലത്തിന്റെ മുൻപിലൂടെ റോഡ് മുറിച്ചുകടന്ന് ജനം അപകടത്തിൽ പ്പെട്ടു മരിക്കാൻവരെ കാരണമാകുന്നതെന്നും ഇവർ പറയുന്നു. ഒരു കാരണവശാലും ഈ സ്ഥലത്ത് ഇനി വ്യാപാരം അനുവദിക്കില്ലെന്നും സ്ഥലം ജനങ്ങൾക്ക് റോഡിനപ്പുറം കടക്കാനും കുറ്റിപ്പുറം റോഡിലേതു പോലെ കടകളിലേക്ക് വരുന്നവരുടെ വാഹനങ്ങൾ നിർത്താനുമായി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.