തവനൂർ : വാടകവീടീന്റെ സിമന്റിട്ട നിലത്ത് കീറിയ പായയും പഴയ പത്രക്കടലാസും വിരിച്ച് ആ അമ്മയും കുഞ്ഞും ഉറങ്ങാൻ കിടക്കുമ്പോൾ പുറത്ത് മഴ തിമിർത്തുപെയ്യുന്നുണ്ടാകും. രാത്രിയുടെ യാമങ്ങളിൽ തണുത്തു വിറയ്ക്കുമ്പോൾ ദിവസങ്ങൾമാത്രം പ്രായമുള്ള അവനെ മാറോടു ചേർത്തുപിടിച്ച് ആ അമ്മ കിടക്കും.കട്ടിലോ കിടക്കയോ വാങ്ങാൻ പണമില്ലാത്തതി നാലാണ് മറുനാടൻ തൊഴിലാളിയായ ആ അമ്മ പിഞ്ചുകുഞ്ഞുമായി തറയിൽ കിടക്കുന്നത്. ജീവിതമാർഗംതേടി കേരളത്തിലെത്തിയ കുടുംബത്തിന്റെ ദയനീയാവസ്ഥ നേരിട്ടുകണ്ട ആരോഗ്യപ്രവർത്തകർ ഇടപെട്ട് കട്ടിലും മെത്തയും വാങ്ങി നൽകി. ഇനി അവർക്ക് സുഖമായി ഉറങ്ങാം.
തവനൂർ പഞ്ചായത്തിലെ തങ്ങൾപ്പടിയിൽ വാടക ക്വാർട്ടേസിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളായ ദമ്പതിമാരാണ് അസൗകര്യങ്ങൾപേറി കുഞ്ഞിനെ വളർത്തുന്നത്. പ്രസവം കഴിഞ്ഞ് ആൺകുഞ്ഞുമായി മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് കഴിഞ്ഞദിവസമാണ് യുവതി വാടകവീട്ടിലെത്തിയത്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്ത കർ ക്വാർട്ടേഴ്‌സ് സന്ദർശിച്ചപ്പോഴാണ് അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതു കണ്ടത്. സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.കൂരട സ്വദേശിയും ഉദാരമതിയും പ്രവാസിയുമായ റഷീദ് കോട്ടുശാലിനെ നേരിൽക്കണ്ട് ആരോഗ്യപ്രവർത്തകർ ഈ വിവരം അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ കട്ടിലും കിടക്കയും തലയിണയും പുതപ്പുകളും വാങ്ങിനൽകാൻ അദ്ദേഹം തയ്യാറാവുകയായിരുന്നു.തൃക്കണാപുരം മെഡിക്കൽ ഓഫീസർ ഡോ. എ. ജൂൽന അമ്മയ്ക്കും കുഞ്ഞിനും കിടക്കാനുള്ള കട്ടിലും കിടക്കയും യുവതിയുടെ ഭർത്താവ് മോഹൻ മൻഡുളിന് കൈമാറി. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷണസാമഗ്രികൾക്കുള്ള സൗകര്യങ്ങളും കുഞ്ഞിന് കുഞ്ഞുടുപ്പുകളും നൽകിയാണ് ആരോഗ്യപ്രവർത്തകർ മടങ്ങിയത്. തവനൂർ ഗ്രാമപ്പഞ്ചായത്തിന്റെയും കൂരട ജനകീയാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർഡംഗം സി.എച്ച്. മുഹമ്മദ്, ആരോഗ്യ പ്രവർത്തരായ രാജേഷ് പ്രശാന്തിയിൽ, ബെറ്റ്‌സി ഗോപാൽ, എം.വി. ഷീല എന്നിവരും പങ്കെടുത്തു.