പൊന്നാനി : നവകേരള സദസ്സിനൊരുങ്ങി പൊന്നാനി തീരദേശം. ഫിഷിങ് ഹാർബറിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 27ന് രാവിലെ തിരൂരിൽ നടക്കുന്ന പ്രഭാത സദസ്സിനു ശേഷം ജില്ലയിലെ ആദ്യത്തെ നവകേരള സദസ്സ് ഒരുങ്ങുന്നത് പൊന്നാനിയിലാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രി സംഘം 11 മണിയോടെ പൊന്നാനിയിലെത്തും. രാവിലെ 8 മുതൽ ഹാർബർ പ്രദേശത്തെ പ്രത്യേക കൗണ്ടറുകളിൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. ഏഴായിരത്തിലധികം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കി വിശാലമായ പന്തലാണ് ഹാർബറിൽ ഉയരുന്നത്. പരാതികൾ സ്വീകരിക്കാൻ 21 കൗണ്ടറുകൾ ഒരുക്കുന്നുണ്ട്.
ഇതിൽ 3 കൗണ്ടർ വനിതകൾക്കു മാത്രവും ഒരു കൗണ്ടർ ഭിന്നശേഷിക്കാർക്കുമുള്ളതാണ്. പൊതുപരിപാടി ഒരു മണിക്കു മുൻപായി അവസാനിക്കുമെങ്കിലും കൗണ്ടർ തുടർന്നും പ്രവർത്തിക്കും. പരാതിയുമായെത്തുന്ന മുഴുവൻ പേരിൽ നിന്നും പരാതി സ്വീകരിക്കും. പരാതി സ്വീകരിച്ചു തീരുന്നതുവരെ കൗണ്ടർ പ്രവർത്തിക്കുമെന്നാണ് അറിയുന്നത്. ശുദ്ധജലം ശുചിമുറി സൗകര്യങ്ങളും ഹാർബറിൽ ഒരുക്കുന്നുണ്ട്. രാവിലെ 9 മുതൽ പത്തര വരെ ഫിറോസ് ബാബുവും സംഘവും നയിക്കുന്ന ഗാനമേളയും ഉണ്ടാകുമെന്ന് സ്വാഗതസംഘം ചെയർമാൻ പി.നന്ദകുമാർ എംഎൽഎ, നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.കെ.രഞ്ജിനി, കോ ഓഡിനേറ്റർ തഹസിൽദാർ കെ.ജി.സുരേഷ് കുമാർ, പി.കെ.ഖലീമുദ്ദീൻ, അജിത് കൊളാടി എന്നിവർ അറിയിച്ചു.