എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് 2022-2023 വർഷം ലഭ്യമായ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗിച്ച് കൊണ്ട് സജ്ജീകരിച്ച ഹബ് ലാബിൻ്റെ ഉദ്ഘാടനം തവനൂർ എം എൽ എ ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഡ്വ ആർ ഗായത്രി സ്വാഗതം പറഞ്ഞു. 2022-2023 വർഷം ഹെൽത്ത് ഗ്രാൻഡ് ഇനത്തിൽ ലഭ്യമായ 2757000 രൂപ ഉപയോഗപ്പെടുത്തി കൊണ്ട് ലാബിലേക്ക് ആവശ്യമായ അത്യാ ധുനിക സൗകര്യങ്ങൾ ഉള്ള നൂതന മെഷിണറികൾ, വിവരസാങ്കേതികവിദ്യ ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഹബ് ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹേമറ്റോളജി, ബയോകെമിസ്ട്രിസെറോളജി , ക്ലിനിക്കൽ പത്തോളജി, നാഷണൽ പ്രോഗ്രാം എന്നീ മേഖലകളിൽ 60 ഓളം ടെസ്റ്റുകളാണ് വളരെ കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് ഹബ് ലാബിലൂടെ ലഭ്യമാകുക.
ലിപീഡ് പ്രൊഫൈൽ ടെസ്റ്റ്, ബിലിറൂബിൻ ടെസ്റ്റ്, ആൽബുമിൻ, ഗ്ലോബുലിൻ ടെസ്റ്റുകൾ, കൊളസ്ട്രോൾ ടെസ്റ്റ്, കരൾ പ്രവർത്തന ടെസ്റ്റ്, യൂറിയ ടെസ്റ്റ്, വൈഡൽ ടെസ്റ്റ്, HIV ടെസ്റ്റ് മുതലായ ടെസ്റ്റുകൾ ഇതിൽ പെടും. സാധാരണക്കാരായ ജനങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിൽ രോഗനിർണയ പരിശോധന സംവിധാനം ആണ് ബ്ലോക്ക് പഞ്ചായത്ത് ഇതിലൂടെ സൃഷ്ടിക്കുന്നത് എന്നും ആരോഗ്യമേഖലയിൽ കേരളം എന്തുകൊണ്ട് നമ്പർ വൺ ആകുന്നു എന്നതിൻറെ തെളിവാണ് ഇത്തരത്തിലുള്ള പൊതു മേഖലയിലെ സംവിധാനങ്ങൾ എന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഡോ കെ ടി ജലീൽ പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് മികച്ച ആരോഗ്യവും മികച്ച വിദ്യാഭ്യാസവും നൽകുക എന്നത് തന്നെയാണ് ഭരണസമിതിയുടെ പ്രാഥമിക പരിഗണന എന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് സി രാമകൃഷ്ണൻ പറഞ്ഞു.
എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.ബാബു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ ആർ അനീഷ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത, ബ്ലോക്ക് അംഗങ്ങളായ അക്ബർ, ഷെരീഫ, ജയശ്രീ, രാധിക പി വി, എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം എം കെ എം ഗഫൂർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ,ജുൽന എ, എടപ്പാൾ മെഡിക്കൽ ഓഫീസർ സിൻസി കെ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ കെ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു